വെല്ലിംഗ്ടൺ: എലികളെ തുരത്താനുള്ള പദ്ധതി മെനയുകയാണ് ന്യുസിലാൻഡ് അധികൃതർ. രാജ്യത്ത് മൂഷികന്മാരുടെ ശല്യം അനുദിനം വർധിച്ച് വരുന്നതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 2050ഓടു കൂടി മൂഷിക സേനയെയും മറ്റ് ഉപദ്രവകാരികളായ ജീവികളെയും രാജ്യത്ത് നിന്നും അപ്പാടെ ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി ജോൺ കീ തിങ്കളാഴ്ച പറഞ്ഞു.
രാജ്യത്ത് അനുദിനം പെറ്റു പെരുകിക്കൊണ്ടിരിക്കുന്ന എലികൾ നിരവധി തദ്ദേശിയ പക്ഷി വർഗങ്ങളുടെ വംശീയ നാശത്തിന് കാരണമാകുന്നുവെന്ന് ന്യൂസിലാൻഡ് സർക്കാർ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. എലികൾ അടക്കമുള്ള ക്ഷുദ്ര ജീവികൾ ന്യൂസിലാൻഡിലെ പക്ഷികളുടെ മുട്ടകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പ്രധാനമായും രാജ്യത്തിന്റെ മുഖമുദ്രയായ കിവിപ്പക്ഷികളുടെ മുട്ടകളാണ് ഇവ നശിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വ്യാപക നശീകരണം കിവിപ്പക്ഷികളുടെ വംശനാശത്തിന് കാരണമാകുമെന്നതിൽ സംശയമില്ല.
ന്യൂസിലാൻഡിൽ ഉൾപ്പെടുന്ന ചെറു ദ്വീപുകളിലൂടെ ആരംഭിക്കുന്ന പദ്ധതി വിജയമായിത്തീരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനായി 28 മില്ല്യൻ ന്യൂസിലാൻഡ് ഡോളറാണ് അടുത്ത നാല് വർഷത്തേക്കായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. രാജ്യത്തെ ഉപദ്രവകാരികളായ ജീവികളെ ഉന്മൂലനം ചെയ്യുന്നതിനായി ഒരു കമ്പനി തന്നെ തുടങ്ങാനാണ് സർക്കാർ ഇത്രയും വലിയ തുകകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത്രയും വലിയ കർമ്മ പദ്ധതിക്ക് രാജ്യത്തിലെ ഓരോ കോണിലുള്ള ജനങ്ങളും സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇവയെ രാജ്യത്തിൽ നിന്നും ഇല്ലാതാക്കിയാൽ മറ്റെന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ പ്രകൃതിക്ക് ഉണ്ടാകുമോ എന്ന് വിശദമായ പഠനം നടത്താനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: