മലപ്പുറം: മലപ്പുറം-മഞ്ചേരി റൂട്ടില്‍ സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു. യാത്രക്കാരിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത്. തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന ഷമ്മാസ് ബസ്സിലെ ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്നാണു തൊഴിലാളികളുടെ ആരോപണം. ചങ്കുവെട്ടിയില്‍ വച്ച് ഈ ബസ്സില്‍ നിന്നിറങ്ങിയ ഒരു യാത്രക്കാരി, ജീവനക്കാരന് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പോലീസിനെ വിളിച്ചു. കോട്ടക്കല്‍ പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ബസ് മലപ്പുറത്തെത്തിയിരുന്നു. തുടര്‍ന്ന് മലപ്പുറം പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുണ്ടായ സംഭവങ്ങളാണു മിന്നല്‍ പണിമുടക്കിന് കാരണമായത്. തിരൂര്‍, കോട്ടയ്ക്കല്‍, മഞ്ചേരി സ്റ്റാന്‍ഡുകളിലും മലപ്പുറം ഉള്‍പ്പെടെയുള്ള വിവിധ സ്റ്റോപ്പുകളിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ കുടുങ്ങി. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയത് ആശ്വസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: