രഞ്ജിത്ത് ഏബ്രഹാം തോമസ്
പെരിന്തല്‍മണ്ണ: നഗരത്തില്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. ഇരുചക്ര വാഹനങ്ങളാണ്. അപകടം ചോദിച്ച് വാങ്ങുന്നത് ഓട്ടോറിക്ഷയും. രണ്ടിടത്തും വില്ലന്‍ സ്വകാര്യ ബസുകളും. ഈ മൂന്നില്‍ ഒരു കൂട്ടരില്ലാത്ത അപകടങ്ങള്‍ കുറവാണ്. അശ്രദ്ധയും അമിതവേഗതയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍ ഓരോ അപകടങ്ങളും സമ്മാനിക്കുന്നത് സമയനഷ്ടവും ഗതാഗതക്കുരുക്കുമാണ്. പെരിന്തല്‍മണ്ണ യിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു
ടൗണ്‍ ബസുകള്‍
അനിവാര്യം
പെരിന്തല്‍മണ്ണയില്‍ നിന്ന് അന്തര്‍സംസ്ഥാന ബസുകള്‍ പോലും യഥേഷ്ടമുള്ളപ്പോള്‍ പേരിന് പോലും ഒരു ടൗണ്‍ ബസില്ല. ആവശ്യാനുസരണം ടൗണ്‍ ബസുകള്‍ ആരംഭിച്ചാല്‍ ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് പകുതിയെങ്കിലും കുറക്കാനാകും. സ്വകാര്യ ബസുകള്‍ സര്‍വീസ് നിലവിലുള്ള സ്റ്റാന്‍ഡുകളില്‍ അവസാനിപ്പിക്കുകയും യാത്രക്കാര്‍ അവിടെ നിന്ന് ടൗണ്‍ ബസുകളെ ആശ്രയിക്കുകയും ചെയ്താല്‍ ഗതാഗതക്കുരുക്ക് കുറയും. ഇപ്പോള്‍ തന്നെ ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ബസുകള്‍ നിര്‍ത്തുന്നത് പത്തിലധികം സ്റ്റോപ്പുകളിലാണ്. സ്റ്റോപ്പുകളിലും അല്ലാതെയും ഒന്നിനുപുറകെ ഒന്നായി ബസുകള്‍ നിര്‍ത്തുന്നതോടെ കുരുക്കും മുറുകുന്നു. മാത്രമല്ല ഇത്തരത്തില്‍ സൗകര്യപ്രദമായി ടൗണ്‍ ബസുകള്‍ ഇല്ലാത്തതു കൊണ്ട് മാത്രം സ്വകാര്യ വാഹനങ്ങളെയും ടാക്സികളെയും ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണുള്ളത്. വാഹനങ്ങള്‍ പെരുകുന്നതിനും അതുവഴി കുരുക്ക് മുറുകുന്നതിനും ഇതൊരു പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെ കുരുക്ക് കുറക്കാന്‍ ടൗണ്‍ ബസുകള്‍ അഭിവാജ്യ ഘടകമായി മാറിയിരിക്കുന്നു.
സീബ്ര ലൈനുകള്‍
ഇല്ലാത്ത നഗരം
ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ പോലും സീബ്ര ലൈനുകളില്ലാത്ത കേരളത്തിലെ അപൂര്‍വ്വം ചില സ്ഥലങ്ങളിലൊന്നാണ് പെരിന്തല്‍മണ്ണ. പ്രതിദിനം രണ്ടായിരത്തില്‍ അധികം രോഗികളെത്തുന്ന ജില്ലാ ആശുപത്രിയുടെ റോഡ് മുറിച്ചു കടക്കണമെങ്കില്‍ അല്പം ഭാഗ്യവും വേണം. കാരണം, വാഹനങ്ങള്‍ ചീറിപ്പായുന്ന ഇവിടെ റോഡ് മുറിച്ചു കടക്കാന്‍ സീബ്ര ലൈനുകളില്ല. വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നു. പെരിന്തല്‍മണ്ണ നഗരപരിധിയില്‍ സീബ്ര ലൈനുകള്‍ കാണണമെങ്കില്‍ മഷിയിട്ട് നോക്കണം. മറ്റ് സ്വകാര്യ ആശുപത്രികളുടെയോ വിദ്യാലയങ്ങളിലുടെയോ മുമ്പിലും സീബ്ര ലൈനില്ല. ഇത് അപകടവും കുരുക്കും വര്‍ധിപ്പിക്കുന്നു.
ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ്
പെരിന്തല്‍മണ്ണയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ഏറ്റവും അത്യാവശ്യം ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക എന്നതാണ്. മലപ്പുറത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് അങ്ങാടിപ്പുറവും പെരിന്തല്‍മണ്ണയും താണ്ടാതെ എവിടേക്കും പോകാന്‍ കഴിയാത്ത അവസ്ഥ. മേല്‍പ്പാലം വന്നിട്ടും കുരുക്കഴിയാത്ത അങ്ങാടിപ്പുറത്ത് അപകടമോ മറ്റോ ഉണ്ടായാല്‍ പിന്നെ പറയേണ്ടതുമില്ല. ഇന്നലെ അങ്ങാടിപ്പുറത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ തിക്തഫലം അനുഭവിച്ചത് യഥാര്‍ത്ഥത്തില്‍ പെരിന്തല്‍മണ്ണ നഗരമാണ്. ട്രാഫിക് ജംഗ്ഷനില്‍ 200 മീറ്റര്‍ പിന്നിടാന്‍ വേണ്ടിവന്നത് 20 മിനിറ്റില്‍ അധികം. മണിക്കൂറുകള്‍ നീളുന്ന ഇത്തരം കുരുക്കുകളില്‍ അകപ്പെടുമ്പോഴാണ് സമയത്തിന്റെയും ബൈപ്പാസിന്റെയും വില മനസിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: