രാജപുരം: മലയോരത്ത് വ്യാജ ടാക്സികള്‍ പെരുകിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ഈ മേഖല കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങള്‍ അനധികൃത ടാക്സികളായി ഓടുന്നുണ്ടെന്ന് ടൂറിസ്റ്റ് ടാക്സി സ്വതന്ത്ര ഡ്രൈവേഴ്സ് യൂണിയന് ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസിന്റെ സഹായത്തോടെ ടാക്സി ഡ്രൈവര്‍മാര്‍ അട്ടേങ്ങാനത്ത് നിന്ന് കള്ള ടാക്സി പിടികൂടിയിരുന്നു. എന്നാല്‍ ഒരു മാസത്തിനകം ടാക്സി പെര്‍മിറ്റ് എടുക്കാമെന്ന ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായി സര്‍വ്വീസ് നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ചില സ്ഥലങ്ങളില്‍ വാഹനം തടഞ്ഞ് അധികൃതരെയോല്പ്പിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. വാഹനങ്ങള്‍ തടയുന്നതിനെ തുടര്‍ന്ന് മലയോരത്ത് സംഘര്‍ഷവും പതിവാകുന്നു. കഴിഞ്ഞ ദിവസം അട്ടേങ്ങാനത്ത് വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് കള്ളാറില്‍ വാഹന ഉടമയും സുഹൃത്തുക്കളും ചേര്‍ന്ന് ടാക്സി ഡ്രൈവര്‍മാരുമായി വാക്കേറ്റമുണ്ടായെങ്കിലും പോലിസെത്തി ഇരുവിഭാഗത്തെയും ഒഴിവാക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിരോധിച്ച വാഹനങ്ങള്‍ ജില്ലയിലെത്തിച്ച് പുനര്‍ രജിസ്ട്രേഷന് നടത്തിയാണ് കള്ള ടാക്സികള്‍ സര്‍വ്വീസ് നടത്തുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നു. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് മലയോര മേഖല ടൂറിസ്റ്റ് സ്വതന്ത്ര െ്രെഡവേഴ്സ് യൂണിയന് അറിയിച്ചു. ഇതിന്റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു. യൂണിയന് പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. ജോണി രാജപുരം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: