കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണ രംഗത്ത് ഇടത് വലത് മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ബാബുരാജ് മുന്നേറുകയാണ്. ജില്ലാ പഞ്ചായത്ത് ആരു ഭരിക്കണമെന്ന് നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. അന്തരിച്ച പാദൂര്‍ കുഞ്ഞാമുവിന്റെ ഒരു സീറ്റ് ബലത്തിലാണ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പാളയത്തിലെത്തിയത്. ഇടത് വലത് മുന്നണിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പടല പിണക്കങ്ങളുടെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ലെന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടത് വലത് മുന്നണികളില്‍ തുടക്കത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. അതിന്റെ അലയൊലികളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
കുഞ്ഞാമുവിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ വലിയ ധാര്‍മ്മിക രോഷം ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പല നേതാക്കളെയും വെട്ടിമാറ്റിയാണ് പി.കെ.എം.ഷാനവാസ് ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തെത്തിയത്. അച്ഛന് മരിച്ചപ്പോള്‍ സീറ്റ് മകന് നല്‍കിയതിലുള്ള എതിര്‍പ്പ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കോണ്‍ഗ്രസ്സ് ഭരണ കാലത്ത് ഓപ്പറേഷന് കുമ്പേരയില് ഉദുമയിലെ ചില കോണ്‍ഗ്രസ്സ് ലീഗ് നേതാക്കന്മാര് കുടുങ്ങിയിരുന്നു.
ഇടഞ്ഞ് നില്ക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളെ മയപ്പെടുത്താനും ഷാനവാസ് ലീഗ് സ്ഥാനാര്‍ത്ഥിയല്ല മറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തി തീര്‍ക്കാനുമായി കഴിഞ്ഞ ദിവസം കാസര്‍കോടെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത് ഉദുമയിലെ സ്ഥാനാര്‍ത്ഥി തന്റെ നോമിനിയാണെന്നാണ്. ഈ പരാമര്‍ശം ലീഗുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ലീഗുകാര്‍ ഹൈജാക്ക് ചെയ്തെന്നും പരാജയ കാരണം ലീഗ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള വോട്ട് ചോര്‍ച്ചയാണെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ആരോപണമുയര്‍ത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെമ്മനാട്, ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ തീരദേശ മേഖലകളില്‍ നിന്ന് വലിയ തോതിലുള്ള കോണ്‍ഗ്രസ്സ് വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ മുസ്ലിം ലീഗില്‍ രൂപപ്പെട്ട പടല പിണക്കങ്ങളുടെ ഭാഗമായി ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ കല്ലട്ര മാഹിന്‍ ഹാജി സ്ഥാനങ്ങള്‍ രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഉദുമയില്‍ മത്സരിക്കുമെന്ന് വരെ പരസ്യമായി പറഞ്ഞിരുന്നു. പീന്നീട് ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് രാജി പിന്‍വലിപ്പിക്കുകയും താല്‍ക്കാലിക പരിഹാരം ഉണ്ടാക്കുകയുമായിരുന്നു. പക്ഷെ പ്രശ്നങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെന്നും അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും ലീഗ് നേതാക്കള്‍ തന്നെ പറയുന്നു.
കഴിഞ്ഞ തവണ ഉദുമ ഡിവിഷനില്‍ ഇടത് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായിരുന്നു മത്സരിച്ചത്. പക്ഷെ നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പായതിനാല്‍ അവര്‍ക്ക് സീറ്റ് നല്കാന് കഴിയില്ലെന്ന നിലപാടായിരുന്നു ഇടത് മുന്നണി ആദ്യം സ്വീകരിച്ചത്. ഇത് വലിയ ബഹളങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണം ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന മൊയ്തീന്‍കുഞ്ഞി കളനാടിലൂടെ പിടിച്ചെടുക്കാമെന്ന വ്യാമോഹവുമായി മത്സര രംഗത്തുള്ള ഇടത് മുന്നണിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ കെട്ടടങ്ങാത്തതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വലിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ചിട്ടയായ പ്രവര്‍ത്തന ശൈലിയിലൂടെ ഇടത് വലത് മുന്നണികളുടെ കണക്കു കൂട്ടലുകള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തി കൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ബാബുരാജ് പ്രചാരണ രംഗത്ത് വന്‍ മുന്നേറ്റം നടത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനക്ഷേമ പദ്ധതികള്‍ അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ മടിക്കുന്ന ഇടത് വലത് മുന്നണികള്‍ക്കെതിരെയുള്ള വിധിയെഴുത്താകും ഉദുമയിലെ ഉപതെരഞ്ഞെടുപ്പ്. മാറി മാറിയുള്ള ഭരണത്തിലൂടെ വികസന പിന്നോക്കാവസ്ഥയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞ ഇടത്-വലത് മുന്നണികള്‍ക്ക് വോട്ടിലൂടെ ശക്തമായ താക്കീത് നല്കാന് ഉദുമയിലെ ജനങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞുവെന്നാണ് ഡിവിഷനില്‍ ബാബുരാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ജനസ്വീകാര്യത കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: