കൊല്ലം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളില്‍ ചില്ലറ തട്ടിപ്പ് വ്യാപകമാകുന്നു. കൗണ്ടറിലിരിക്കുന്ന ക്ഷേത്രജീവനക്കാരാണ് ഇത്തരത്തില്‍ ബുദ്ധിപരമായി തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാടുകള്‍ക്ക് രസീത് എഴുതാന്‍ എത്തുന്ന ഭക്തരെയാണ് ഇവര്‍ തട്ടിപ്പിന് വിധേയരാക്കുന്നത്.
രസീത് എഴുതിയതിന് ശേഷം ചില്ലറയില്ലയെന്ന് ഇവര്‍ ഭക്തരോട് പറയും. ചില ഭക്തരാക്കട്ടെ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോകും.
എന്നാല്‍ ഇവര്‍ ഇത്തരത്തില്‍ പറഞ്ഞു വിടുന്ന ഭൂരിഭാഗം ഭക്തരും പിന്നീട് ബാലന്‍സ് വാങ്ങാന്‍ കൗണ്ടറുകളിലെത്താറില്ല. വരുന്നവരെ പിന്നെയും ആസൂത്രിതമായ രീതിയില്‍ ഇവര്‍ പറ്റിക്കും. ഇത്തരത്തില്‍ അഞ്ച് രൂപ മുതല്‍ അമ്പത് രൂപവരെ ഭക്തരില്‍ നിന്നും പറ്റിച്ചുനേടുന്ന ജീവനക്കാരുണ്ട്. ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളിലെ ചില ജീവനക്കാരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. ഇവര്‍ തിരക്കുള്ള ദിവസങ്ങളില്‍ അയിരം രൂപമുതല്‍ രണ്ടായിരം രൂപ വരെ ഇത്തരത്തിലൂടെ കൈവശപ്പെടുത്തുന്നുണ്ട്. ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ചില്ലറയില്ലായെന്ന കാരണത്താല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഉപദേശകസമിതി ഭാരവാഹികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഭക്തനോട് ഇത്തരത്തില്‍ ജീവനക്കാര്‍ ചില്ലറയില്ലായെന്ന് പറയുകയും തട്ടിപ്പ് നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോട് ഭക്തന്‍ പരാതി പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരനോട് ചില്ലറയില്ലെ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അയാള്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ക്ഷേത്രോപദേശക സമിതിയും ഈ സംഭവം ശരിവച്ചു.
ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഉപദേശക സമിതി പ്രസിഡന്റ് കോട്ടയ്‌ക്കകം ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. പ്രതിമാസം വലിയ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തില്‍ ചില്ലറയില്ലായെന്ന് പറയുന്നത് തന്നെ തെറ്റാണെന്നും. ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇത്തരം ജീവനക്കാരെ നീരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടക്കുന്ന അഴിമതിക്കെതിരെ രംഗത്ത് വരുമെന്ന് ഹിന്ദുഐക്യവേദിയും ക്ഷേത്രസംരക്ഷണ സമിതി നേതാക്കളും പറഞ്ഞു.
















