മുംബൈ: മുംബയില്‍ മാധ്യമപ്രവര്ത്തകന് ജെ.ഡേയുടെ കൊലപാതക കേസില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. ഛോട്ടാഷക്കീലിന്റെ കൂട്ടാളികളെന്ന് സംശയിക്കുന്ന മൂന്നു പേരെയായിരുന്നു നേരത്തെ പൊലീസ് അറസ്റ്റു ചെയ്തത്.
ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ഇവരെ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് പോലീസ് അധികൃതര്‍ തയ്യാറായില്ല. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഛോട്ടാഷക്കീല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ജെ.ഡേ തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നില്ലെന്നും ഷക്കീല്‍ വ്യക്തമാക്കി. അതിനിടെ ജെ.ഡേയുടെ കൊലപാതകത്തിന് പിന്നില്‍ രക്തചന്ദന കള്ളക്കടത്തുസംഘത്തില്പ്പെട്ട ബിസിനസ്സുകാരന് പങ്കുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ട്. ഇയാള്‍ക്ക് അധോലോകവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.
ജെ.ഡേയുടെ മരണത്തിന് തലേദിവസം ഇയാള്‍ മുംബയിലുണ്ടായിരുന്നെന്നും എന്നാല്‍ പിന്നീട് കാണാതായെന്നുമാണ് സൂചനകള്‍. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിക്കാനിരിക്കുന്ന റിപ്പോര്‍ട്ടുകളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: