കൊച്ചി: സ്വാശ്രയ ഫീസ് സംബന്ധിച്ച കേസില്‍ പി.എ മുഹമ്മദ് കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നടപ്പാക്കാനാവുന്ന ഉത്തരവുകളായിരിക്കണം കമ്മിറ്റി പുറപ്പെടുവിക്കേണ്ടതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് പി.എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ചിരുന്ന ഫീസ് ഘടന ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് കമ്മിറ്റി ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി ഡിവിഷന് ബഞ്ചുകളുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മൂന്നര ലക്ഷം രൂപ വാര്‍ഷിക ഫീസ് വാങ്ങാനായി മാനേജുമെന്റുകള്‍ക്ക് അനുവാദം ഉണ്ടെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
എന്നാല്‍ സ്വാശ്രയ ഫീസ് സംബന്ധിച്ച് അപ്പീല്‍ നല്കാന് കമ്മിറ്റിക്ക് എന്ത് അധികാരമെന്ന് ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന് ബഞ്ച് ചോദിച്ചു. പി.എ മുഹമ്മദ് കമ്മിറ്റിക്ക് സ്വന്തം നടപടികളെ ന്യായീകരിക്കുന്നതിനുള്ള അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റിയെ തീരുമാനിക്കുകയും അതിന്റെ ഉത്തരവാദിതം മുഹമ്മദ് കമ്മിറ്റിക്ക് നല്‍കുകയും ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അറിവോടെയാണോ ഇത്തരത്തിലൊരു അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.
വിധിയില്‍ അപാകതയുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യേണ്ടത് സര്‍ക്കാരോ വിദ്യാര്‍ത്ഥികളോ ആണെന്ന് ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടി. നടപ്പാക്കാനാവാത്ത ഉത്തരവുകള്‍ ഇറക്കിയിട്ട് കോടതിയെ സമീപിച്ചിട്ട് കാര്യമില്ല. ഉത്തരവുകള്‍ സ്വയം നടപ്പാക്കാന്‍ കമ്മിറ്റിക്കാകണം. അപ്പീലുമായി ഡിവിഷന് ബഞ്ചിനെ സമീപിച്ച മുഹമ്മദ് കമ്മിറ്റിയുടെ നടപടി കേട്ടുകേഴ്വി പോലുമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വാശ്രയ പ്രശ്നം സംബന്ധിച്ച എല്ലാ കേസുകളും ഇനി ഡിവിഷന് ബഞ്ചാകും പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: