അപകടത്തിന് ഇടയാക്കിയ ഗര്‍ത്തം. സമീപം പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍
തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും പ്രധാന പാതകളിലൊന്നാണ് തൃശൂര്‍ – കോഴിക്കോട് സംസ്ഥാനപാത. പൂങ്കുന്നം മുതല്‍ പടിഞ്ഞാറെകോട്ട വരെയുള്ള ഭാഗത്ത് റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ഭരണാധികാരികള്‍. നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും ഇപ്പോഴും അധികൃതര്‍ കണ്ണുതുറക്കുന്നില്ല എന്നതാണ് ഖേദകരം. പൂങ്കുന്നം മുതല്‍ പടിഞ്ഞാറെകോട്ടവരെയുള്ള റോഡിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്നും കോര്‍പ്പറേഷനാണ് അറ്റകുറ്റപണികള്‍ നടത്തേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. എന്നാല്‍ റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് പിഡബ്ല്യുഡി ആണെന്നും കോര്പ്പറേഷന് വാദിക്കുന്നു. പടിഞ്ഞാറെകോട്ട മുതല്‍ കേരളവര്‍മ്മ ജംഗ്ഷന് വരെയും ശങ്കരംകുളങ്ങര ക്ഷേത്രം വഴിമുതല്‍ പൂങ്കുന്നം വരെയും റോഡിന് വീതികൂട്ടലും ടാറിങ്ങും നടത്തിയിട്ടുണ്ടെങ്കിലും കേരളവര്‍മ്മ കോളേജ് ജംഗ്ഷന്‍മുതല്‍ ശങ്കരംകുളങ്ങര ക്ഷേത്രം വരെയുള്ള ഭാഗം ഇപ്പോഴും കുപ്പിക്കഴുത്താണ്. ഇവിടെ റോഡില്‍ വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമായതോടെ ഈ ഗര്‍ത്തങ്ങളില്‍ വെള്ളംനിറഞ്ഞ് കിടക്കുന്നതിനാല്‍ ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടുക നിത്യസംഭവമാണ്. രാത്രികാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ ഏറെയും. ഇന്നലെ മരണമടഞ്ഞ പ്രസാദും അപകടത്തില്‍പ്പെട്ടത് വ്യാഴാഴ്ച രാത്രിയിലാണ്. സുഹൃത്തിനെ ടൗണിലാക്കി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്ക് കുഴിയില്‍ വീണത്. തെറിച്ച് വീണ പ്രസാദിന്റെ തല റോഡില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അബോധാവസ്ഥയിലായ പ്രസാദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിന് മുമ്പും ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടാന്‍ സ്ഥലമേറ്റെടുക്കാനുള്ള അളവുകള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ചിന്ന ‘ഉന്നത’ ഇടപെടലുകളെത്തുടര്‍ന്ന് പണി മരവിപ്പിക്കുകയായിരുന്നു. കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരുപറഞ്ഞ് തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചിലരുടെ താല്പര്യം സംരക്ഷിക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: