കവിതകള്‍…ഭാവനയുടെ വര്ണച്ചിറകിലേറ്റി ആസ്വാദനതലത്തിന്റെ അമേയ ചക്രവാളങ്ങളിലേക്ക് അത് നമ്മെ കൂട്ടിക്കൊണ്ടുപോകും. അന്നാല്‍ കവിയെ നേരില്‍ കാണുകയും സംവദിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും നമുക്ക് ആത്മനൊമ്പരം അനുഭവപ്പെടാം. ഓ, അതെഴുതിയത്, ഇങ്ങനെയൊരാളോ?. നന്മയുടെ മഹാപ്രഭ നിറയുന്നൊരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നാര്‍ജ്ജിച്ച നൈര്‍മ്മല്യം ആത്മാവിന്റെ ആഴങ്ങളില്‍ നിന്നാവാഹിച്ചുചേര്ത്ത സുകൃത ധന്യതയും കവിതയിലെന്നപോലെ സ്വത്വത്തിലും സമന്വയിപ്പിച്ച- ഈശ്വരന്റെ നേര്മുഖംപോലൊരാള്- ഇവിടെയിതാ-അയ്മനം രവീന്ദ്രന്.
ആത്മീയതയും തികവും ഗ്രാമീണതയുടെ നൈര്‍മല്യവും ഭാവനയുടെ ദീപ്തിയാല്‍ പൂരിതമാക്കിയ കവിതകളാണ് അയ്മനം രവീന്ദ്രന്റേത്. അയ്മനം രവീന്ദ്രന്റെ സാരസ്വതം, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ ഉയിര്‍ക്കൊണ്ട ചിന്തകളാണ് മേലെഴുതിയത്. കവിത്വം സ്പര്‍ശിക്കാത്തവര്‍ പോലും കവിപ്രഭുക്കളായി അരങ്ങുവാഴുന്നൊരുകാലത്ത് ആത്മീയാവബോധം നല്കിയ മഹാസംയമനഭാഗ്യം കൊണ്ടാകാം ആരോടും പരിഭവമില്ലാതെ, ഒരു പുരസ്കാരങ്ങള്ക്കുപിന്നാലെയും പായാതെ അയ്മനം തികഞ്ഞ സംതൃപ്തിയോടെ എഴുതുകയാണ്.
ചുറ്റുപാടുകളിലെ നൊമ്പരക്കാഴ്ചകളിലുരുകുന്നൊരു ഹൃദയവുമായി…സഹജീവികളുടെ വേദനയില്‍ അസ്വസ്ഥമാകുന്നൊരു മനസ്സുമായി…ഏത് ദുഖവും തന്റേതാക്കുന്ന…ആരുടെ കാലില്‍ തറയ്ക്കുന്ന മുള്ളും തന്റെ ഹൃദയത്തിലേയ്ക്കുന്നൊരമ്പാണെന്ന് കരുതുന്ന ഋഷിഹൃദയത്തിന്റെ പാവനത. ചുറ്റുവട്ടക്കാഴ്ചകളുടെ ഹൃദയവികാരങ്ങള്‍ നീറുന്ന ഭാവനയായി. ഉരുകുന്ന അക്ഷരക്കൂട്ടങ്ങളായി പിറവികൊള്ളുന്ന കവിതകളുടെ ആത്മീയതയുടെ ശീതളിമ തളിച്ച് കാവ്യാമൃതമാക്കി ആസ്വാദകന് നല്കാന് അയ്മനത്തിന് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ ബോധ്യപ്പെടുത്തുന്നു.
ഭക്തിയും ഗ്രാമീണതയും മണ്ണും മരവും പുഴയും ഭാഷയും വള്ളവും വള്ളംകളിയുമെന്നല്ല, ഏതൊന്നേതൊന്നിലാണോ ആ ഭാവന സ്പര്‍ശിക്കുന്നത് ആയവയെല്ലാം തന്നെ ഓജസ്സും ഉടല്ത്തിളക്കവും കൊണ്ട് അമേയമായൊരു ആസ്വാദനത്തിന്റെ മഹാതലങ്ങളിലേക്ക് ഉയര്ത്തിക്കൊണ്ടുപോകുവാന് പോന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: