പത്തനാപുരം: തലവൂര്‍ ഗ്രാമപഞ്ചായത്തിലെ അരിങ്ങട വാര്‍ഡില്‍ ഈ അധ്യായനവര്‍ഷത്തിലും അംഗന്‍വാടി കെട്ടിടമില്ല. പ്രദേശത്തെ ഇരുപതിലധികം കുരുന്നുകള്‍ പഠിക്കുന്ന അംഗന്‍വാടി കെട്ടിടം തകര്‍ന്ന് വീഴാറായ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
അരിങ്ങട വടകോട് പാതയുടെ സമീപത്താണ് കെട്ടിടം. കെട്ടിടത്തിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും പരിമിതിമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് കുരുന്നുകള്‍. ഗ്രാമപഞ്ചായത്തിലെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ പുതിയ കെട്ടിടത്തിന് അനുവദിച്ചിട്ടുണ്ട്. അരിങ്ങട ജംഗ്ഷനിലെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ വേനല്‍മഴയില്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകരുകയും മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
നിലവില്‍ ഫര്‍ണിച്ചറുകളോ പഠനോപകരണങ്ങളോ ഇവിടെയില്ല. നിലവിലെ ഈ താല്‍ക്കാലികസംവിധാനത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് രക്ഷിതാക്കളും പരാതി പറയുന്നുണ്ട്. എന്നാല്‍ സ്ഥലപരിമിതി കൊണ്ടാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍കഴിയാത്തതെന്ന് അധികൃതര്‍ പറയുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.
















