രഞ്ജിത്ത് എബ്രാഹം തോമസ്
പെരിന്തല്‍മണ്ണ: നഗരസഭ രൂപീകൃതമായ കാലം മുതല്‍ നാളിതുവരെ ഭരണം കയ്യാളുന്നത് എല്‍ഡിഎഫാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇടതുപക്ഷം ശരിയാക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. പഞ്ചപുച്ഛമടക്കി വിനീത വിധേയരായി നില്ക്കാന് ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യുഡിഎഫ് മുന്നണിയും ശീലിച്ചു കഴിഞ്ഞു. ദീര്‍ഘ വീക്ഷണമില്ലാതെയുള്ള ഇടതുമുന്നണിയുടെ
”ശരിയാക്കലുകളാണ് ” പെരിന്തല്‍മണ്ണ നഗരത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് നാട്ടുകാര്‍ അടക്കം പറയുന്നു. നഗരത്തിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.
3. മാനത്തുമംഗലം ജംഗ്ഷന്
ടൗണില്‍ നിന്നും ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ പിന്നിട്ടാല്‍ മാനത്തുമംഗലത്തെത്താം. ഇതും നാലും കൂടിയ ജംഗ്ഷനാണ്. ടൗണിലെത്താതെ കോഴിക്കോട് റോഡിലേക്കും പാലക്കാട് റോഡിലേക്കും പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച ബൈപാസ് റോഡുകള്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
പട്ടാമ്പി, ഊട്ടി റോഡുകളാണ് മറ്റുള്ളവ. നഗരപരിധിയില്‍ ഏറ്റവും അധികം കുഴികള്‍ കാണുന്ന ജംഗ്ഷനുകളില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. റോഡിന്റെ പകുതിഭാഗവും വലിയ കുഴികള്‍ കവര്‍ന്നെടുത്തിരിക്കുന്നു.
അതുകൊണ്ട് തന്നെ നാലുവരി ജംഗ്ഷന് രണ്ടുവരിയായി ചുരുങ്ങി. ഫലമോ ഒരു വൃത്തത്തിനുള്ളില്‍ വാഹനങ്ങള്‍ വട്ടം കറങ്ങുന്ന അവസ്ഥ.
കുഴിയില്‍ വീഴാതെ വരി നിന്ന് പോകാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുന്നത് കാരണം പൊതുവെ തിരക്ക് കുറഞ്ഞ ഇവിടെ കുരുക്ക് മുറുകുന്നു.
മാനത്തുമംഗലത്തു നിന്ന് പട്ടാമ്പി റോഡിലേക്കാണ് ഏറെയും വാഹനങ്ങള്‍ കടന്നു പോകുന്നത്. എന്നാല്‍ ഏറ്റവും വീതി കുറഞ്ഞ റോഡാണ് ഇത്. രണ്ട് വലിയ വാഹനങ്ങള്‍ മുഖാമുഖം വന്നാല്‍ ഗതാഗതം സ്തംഭിക്കുന്ന അവസ്ഥ. ഈ റോഡിന് വീതി കൂട്ടാത്തപക്ഷം കുരുക്ക് ഇനിയും മുറുകുകയേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: