ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണത്തിന് വില തോന്നുംപോലെ. നിയന്ത്രിക്കാന്‍ ആളില്ല. പൊതുജനം വലയുന്നു. ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ മുന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഒരു പ്രദേശത്തുതന്നെ പല വിലയാണ് ഹോട്ടലുകളില്‍ ഭക്ഷണത്തിന് ഈടാക്കുന്നത്. കൂടാതെ ഒരു ഹോട്ടലില്‍ തന്നെ ആളും തരവും നോക്കി തോന്നുന്ന വില ഈടാക്കുന്നതായും പരാതിയുണ്ട്.
പല ഹോട്ടലുകളിലും വിലനിലവാരം പ്രദര്ശിപ്പിച്ചുണ്ടെങ്കിലും മറ്റു പലകാരണങ്ങള്‍ പറഞ്ഞ് അധികവില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള കൊള്ള നടയുന്നതിനാണ് മുന്‍ സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ വന്‍കിട ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.
ഹോട്ടലുകളെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ച് നടപ്പാക്കുകയായിരുന്നു ലക്ഷ്യം. കൂടാതെ ജില്ലാ ജഡ്ജിയോ അതേപോലെ യോഗ്യതയുള്ളയാളോ ചെയര്‍മാനായി ജില്ലാ സമിതികള്‍ രൂപീകരിക്കാനും പദ്ധതിയിട്ടിരുന്നു. ന്യായവില ലംഘിക്കുന്ന ഹോട്ടലുകളുടെ രജിസ്ട്രേഷന് റദ്ദാക്കല്‍, 5,000 രൂപവരെ പിഴയീടാക്കല്‍ തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങളാണ് അന്നുണ്ടായത്. ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവയെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നു.
എന്നാല്‍ ഒന്നും സംഭവിച്ചില്ല.
ഹോട്ടലുകാര്‍ ഇപ്പോഴും അവര്‍ക്കു ഇഷ്ടമുള്ള വില ഈടാക്കുന്നു. എസി പ്രവര്‍ത്തിപ്പിക്കാതെ അതിന്റെ പേരില്‍പോലും അധികവില ഈടാക്കുന്നുണ്ട്. യാതൊരു വിധ സബ്സിഡിയും ഹോട്ടല്‍ മേഖലയ്ക്ക് നല്‍കാത്ത സര്‍ക്കാരിന് വിലനിയന്ത്രണ നിയമം നടപ്പാക്കാന്‍ അവകാശമില്ലെന്നാണ് ഹോട്ടലുടമകളുടെ വാദം. വിപണിവില നിയന്ത്രിക്കുകയാണ് ആദ്യം വേണ്ടതെന്നും ഇഷ്ടഭക്ഷണം കഴിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്മേളുള്ള കടന്നുകയറ്റമാണിതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
തനതു ഭക്ഷണ സംസ്കാരം നശിപ്പിച്ച് പാക്കറ്റ് ഫുഡ് സംസ്കാരം വളര്‍ത്തുക മാത്രമാണ് ഈ നിയമംകൊണ്ട് സാദ്ധ്യമാകുകയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളില്‍ ഗ്രേഡ് സമ്പ്രദായം ഏര്‍പ്പെടുത്തുക, വില നിശ്ചയിക്കാനുള്ള മാനദണ്ഡം തുടങ്ങി നിരവധി ആശയക്കുഴപ്പങ്ങളാണ് അന്ന് സര്‍ക്കാരിനുണ്ടായിരുന്നത്. ഹോട്ടലുകളിലെ ശുചിത്വ പരിശോധന പോലും തദ്ദേശ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രണം എങ്ങനെ സാദ്ധ്യമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: