കല്‍പ്പറ്റ : ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി എബിവിപി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള എസ്എഫ്ഐ ആക്രമണം അവസാനിപ്പിക്കണമെന്ന് എബിവിപി ജില്ലാകമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഒന്‍പത് തവണ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചു. ജൂലൈ 19ന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍നിന്നും വിട്ടുനിന്ന എസ്എഫ്ഐക്കാര്‍ ജൂലൈ 20ന് കോളേജില്‍ ഭീകരമായി ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ എന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍കയറി വീണ്ടും ആക്രമിച്ചു. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ഏകപക്ഷീയമായി വധശ്രമത്തിന് കേസ്സെടുക്കുകയായിരുന്നു.
പരിക്കേറ്റ് ചികിത്സയില്കഴിയുന്ന വിദ്യാര്‍ത്ഥികളെ കണാനെത്തിയ എംഎല്‍എ ഒ.ആര്.കേളുവിന്റെ നടപടി ഏകപക്ഷീയമാണമെന്നും ആക്രമണത്തിന് നേതൃത്വം നല്കിയ എസ്എഫ്ഐ വിദ്യാര്‍ത്ഥികളെമാത്രം സന്ദര്‍ശിച്ച് മടങ്ങിയത് പ്രതിഷേധാര്‍ഹമാണെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു. പുല്‍പ്പള്ളി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ ആക്രമണങ്ങളാണ് എസ്എഫ്ഐ നടത്തിവരുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് പുല്‍പ്പള്ളി ബസ്സ്റ്റാന്റില് ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകരെ ചോദ്യംചെയ്ത എബിവിപി വിദ്യാര്‍ത്ഥികളെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തല്ലിച്ചതക്കുകയും ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് സാരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരാതി നല്കിയാല് കൊന്നുകളയുമെന്ന് ഭീഷണിപെടുത്തിയാണ് എസ്എഫ്ഐ സംഘം അവിടെനിന്നും മടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധിച്ച പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെയും എസ്എന്‍ഡിപി യോഗം കോളേജിലെയും വിദ്യാര്‍ത്ഥികളെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചവശരാക്കി.
അതിര്‍ത്തിപ്രദേശമായ പെരിക്കല്ലൂര്‍, കൊളവള്ളി എന്നിവിടങ്ങളില്‍നിന്ന് എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബികള്‍ പുല്‍പ്പള്ളി പഴശ്ശിരാജാകോളേജില് കഞ്ചാവെത്തിക്കുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ല. എസ്എഫ്ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പുല്‍പ്പള്ളി പോലീസ് പിടികൂടിയെങ്കിലും സിപിഎം സമ്മര്‍ദംമൂലം ഇവര്‍ക്കെതിരെ യാതെരാരു നടപടിയും എടുക്കാതെ വിട്ടയക്കുകയുമായിരുന്നു. ഇതില്‍ എസ്എഫ്ഐ ജില്ലാ നേതാവ് മുഹമ്മദ് ഷാഫിയും പ്രവര്‍ത്തകരായ അനില്‍ ടി കുമാറും അജിത്ത് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. എബിവിപി പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫി കൈയില്‍ കൃത്രിമമായി ബാന്റേജ് ധരിച്ച് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെത്തി കള്ളക്കേസ് നല്‍കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിന്റെ മത്തുപിടിച്ച ഇടതുപക്ഷ നേതാക്കള്‍ കഞ്ചാവ് ലോബികളെ പ്രോത്സാഹിപ്പിച്ച് എബിവിപിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത എബിവിപി ജില്ലാ കണ്‍വീനര്‍ പി.കെ.ദീപു, ജോയിന്റ് കണ്‍വീനര്‍ അതുല്‍ കൃഷ്ണ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: