കുമളി: ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കുമളി ഓഫീസില്‍ പത്തു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ക്രമക്കേട്. തൊഴിലാളികളും, തൊഴിലുടമകളും അടയ്‌ക്കാന്‍ നല്‍കിയ വിഹിത തുകയായ പത്തു ലക്ഷത്തോളം രൂപയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ രണ്ടു താത്കാലിക ജീവനക്കാരുടെ പേരില്‍ കുമളി പോലീസ് കേസെടുത്തു. ഈ ഓഫീസിലെ ജീവനക്കാര്‍ക്ക് പണം നേരിട്ടു വാങ്ങാന്‍ നിയമം ഇല്ലാതിരിക്കെ മേലധികാരികളുടെ പിന്തുണയോടെ മാത്രമേ ഇത്രയും വലിയ തുക താത്കാലിക ജീവനക്കാര്‍ക്ക് തിരിമറി നടത്താന്‍ കഴിയുകയുള്ളു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ നേരിട്ട് ബാങ്കില്‍ പണമടച്ചശേഷം രസീത് മാത്രം കൈപ്പറ്റി രേഖകളില്‍ സൂക്ഷിക്കുക എന്നതാണ് ഈ ഓഫീസിലെ ജോലി . എന്നാല്‍ ജീവനക്കാര്‍ പണം നേരിട്ട് വാങ്ങി ബാങ്കില്‍ അടക്കാതെ ക്രമകേടു നടത്തുകയായിരുന്നു. വകുപ്പ് തലത്തില്‍ ഓഡിറ്റിങ് നടത്തിയാല്‍ മാത്രമേ ആകെ തിരിമറി നടന്ന തുകയുടെ കൃത്യമായ കണക്കു തിട്ടപ്പെടുത്താനാകൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സംഭവത്തില്‍ ചുമട്ടു തൊഴിലാളികളുടെ പരാതിയില്‍ താത്കാലിക ജീവനക്കാരായ ലീന മനോജ്, വിനോദ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത് അന്വേഷിച്ചു വരികയാണെന്ന് കുമളി എസ്‌ഐ ടി ഡി പ്രജീഷ് പറഞ്ഞു.
















