കോഴിക്കോട്: ഓണം സീസണില്‍ പാചകവാതക വിതരണം കാര്യക്ഷമമാക്കാന്‍ ജില്ലയിലെ ഗ്യാസ് വിതരണക്കാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഗ്യാസ് വിതരണക്കാരുടെയും ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനുമുള്ള സംവിധാനം ഓരോ ഗ്യാസ് ഏജന്‍സിയിലും ഉണ്ടാവണം. ഗ്യാസ് വിതരണം ബുക്കിംഗിന്റെ മുന്‍ഗണനാക്രമം അനുസരിച്ച് സുതാര്യമായി നടത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ അഞ്ച് കിലോമീറ്ററിന് മുകളില്‍ ദൂരെയുള്ള സ്ഥലങ്ങളിലാണ് ഗ്യാസ് വിതരണത്തിന് ഡെലിവറി ചാര്‍ജ് ഈടാക്കുന്നത്. ചിലയിടങ്ങളില്‍ കൂടുതല്‍ തുക വാങ്ങുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ അംഗീകൃത റേറ്റ് ചാര്‍ട്ട് എല്ലാ ഓഫീസുകളിലും പ്രദര്‍ശിപ്പിക്കണം. ഗ്യാസ് വിതരണത്തിലും ചാര്‍ജ് ഈടാക്കുന്നതിലും ക്രമക്കേട് കാണിക്കുന്ന ജീനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏജന്‍സി ഉടമകള്‍ തയ്യാറാവണം. ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍ തുടര്‍ന്നാല്‍ അത്തരം ഏജന്‍സികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഗ്യാസ് സിലിണ്ടറുമായി ഡെലിവറി വാഹനങ്ങള്‍ പുറത്തുപോവുന്ന സമയത്തുള്‍പ്പെടെ ഓഫീസില്‍ സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പി.കെ. വത്സല പറഞ്ഞു. യാതൊരു സുരക്ഷയുമില്ലാതെ സിലിണ്ടറുകള്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. കണക്ഷനോടൊപ്പം ഗ്യാസ് സ്റ്റൗ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ കൂടി വാങ്ങണമെന്ന് ചില ഏജന്‍സികള്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ വാങ്ങല്‍ നിര്‍ബന്ധമല്ലെന്ന ബോര്‍ഡ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
















