പെരിന്തല്‍മണ്ണ: റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്മുറക്കാരാണ് പെരിന്തല്‍മണ്ണ നഗരസഭ ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റ് പറയാനാകില്ല. കാരണം, ആശുപത്രികളുടെ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് നഗരസഭ അധികൃതര്‍.
പെരിന്തല്‍മണ്ണയില്‍ എവിടെ തിരിഞ്ഞാലും തിരക്കോടുതിരക്ക്. കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സകലദൈവങ്ങളേയും വിളിക്കേണ്ട അവസ്ഥ. കാല്‍നട യാത്രപോലും അസാധ്യം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ വേണ്ടത് അരമണിക്കൂറിലധികം സമയം. ഗതാഗതം നിയന്ത്രിക്കാനുള്ളതാകട്ടേ വിരലിലെണ്ണാവുന്ന പോലീസുകാരും. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലും രോഗികള്‍ക്ക് ആശുപത്രിയിലും എത്താന്‍ ഭാഗ്യം കൂടിവേണമെന്ന അവസ്ഥ. എല്ലാവരും നടുറോഡില്‍ നട്ടം തിരിയുന്നു. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടി ജന്മഭൂമി നടത്തിയ അന്വേഷണം.
1. പെരിന്തല്‍മണ്ണ ടൗണ്‍
നഗരത്തിന്റെ ഹൃദയഭാഗം. കോഴിക്കോട്, പാലക്കാട്, പട്ടാമ്പി, ഊട്ടി റോഡുള്‍ സംഗമിക്കുന്ന നാലും കൂടിയ ജംഗ്ഷന്. നഗരപരിധിയില്‍ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരേ ഒരു ജംഗ്ഷന്. കുരുക്കിന്റെ കേന്ദ്രസ്ഥാനവും ഇവിടെ തന്നെ. ആവശ്യത്തിന് വീതിയുള്ളത് കോഴിക്കോട്, പാലക്കാട് റോഡുകള്‍ക്ക് മാത്രം. വാഹനങ്ങള്‍ കുറവാണെങ്കിലും പലപ്പോഴും പട്ടാമ്പി റോഡിലാണ് കുരുക്ക് മുറുകുന്നത്. പ്രത്യേകിച്ച് ഫ്രീ ലെഫ്റ്റ് കൊടുക്കാന്‍ ഇടമില്ലാത്തത് വാഹനനിരയുടെ നീളം കൂട്ടുന്നു. എന്നാല്‍ പാലക്കാട് റോഡില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് റോഡും ഊട്ടി റോഡില്‍ നിന്ന് പാലക്കാട് റോഡിലേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ഹാള്‍ റോഡും ഉപയോഗിക്കുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. കോഴിക്കോട് റോഡില്‍ ജൂബിലി ജംഗ്ഷനില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് ബൈപ്പാസ് റോഡുള്ളത് ടൗണിലെ കുരുക്കിന്റെ തീവ്രത അല്പമെങ്കിലും കുറക്കുന്നുണ്ട്. പക്ഷേ, ബൈപ്പാസ് റോഡ് മാത്രമാണ് ഇതില്‍ ”യഥാര്‍ത്ഥ റോഡ്” എന്ന് പറയുന്നതാണ് സത്യം. മറ്റുള്ളവയൊക്കെ വെറും കൈവഴികള്‍ മാത്രം. അതുകൊണ്ട് തന്നെ നൂറുകണക്കിന് വാഹനങ്ങളുടെ സംഗമ സ്ഥലമായി പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷന് മാറുന്നു.
2. ബൈപ്പാസ്
ജംഗ്ഷന്
ഭാവിയില്‍ നഗരകേന്ദ്രമാകുമെന്ന് കരുതപ്പെടുന്ന സ്ഥലം. ഇതും നാലും കൂടിയ ജംഗ്ഷനാണ്. ടൗണില്‍ നിന്നും വെറും അരകിലോമീറ്റര്‍ മാത്രം ദൂരം. ഈ അടുത്ത കാലത്തായി ടൗണിനേക്കാള്‍ വലിയ കുരുക്കാണ് ബൈപ്പാസ് ജംഗ്ഷനില്‍ അനുഭവപ്പെടുന്നത്. കുരുക്കിന് പ്രധാന കാരണം അനധികൃത പാര്‍ക്കിംഗ് ആണ്. ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും മാനത്തുമംഗലം ബൈപ്പാസ് റോഡിലേക്കാണ് കുരുക്ക് നീളുന്നത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയായി നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നഗരത്തിലെ പ്രധാന ഹയര്‍സെക്കണ്ടറി സ്കൂളുകളിലൊന്ന് ബൈപ്പാസ് ജംഗ്ഷനിലാണ്. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചേരാനും ഈ വഴി ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഏറ്റവും അധികം ഷോപ്പിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതൊക്കെയാണ് കുരുക്കുണ്ടാവാന്‍ കാരണവും. അതേസമയം, ഇതിനെല്ലാം മൂകസാക്ഷിയായി ഉപയോഗശൂന്യമായ ഒരു സ്വകാര്യ ബസ് സ്റ്റാന്‍ഡും ഇവിടെ തലതാഴ്ത്തി നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: