കുറ്റിപ്പുറം: രോഗഭീതിയിലാണ് കുറ്റിപ്പുറം പഞ്ചായത്തിലെ ജനങ്ങള്‍ കഴിയുന്നത്. ശരീര ആരോഗ്യത്തിനുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ജനങ്ങളെ പേടിപ്പിക്കുകയാണ്. ഒരു വീട്ടിലെ രണ്ട് സ്ത്രീകള്‍ കോളറ പിടിപ്പെട്ട് മരിക്കുകയും ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ അഴുക്കുചാലില്‍ നിന്നും ശേഖരിച്ച മാലിന്യ സാമ്പിളില്‍ നിന്ന് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ഭീതി ശക്തമാക്കുന്നു. അഴുക്കുചാലുകളിലെ വെള്ളം ഭാരതപ്പുഴയിലേക്കാണ് ഒഴുകുന്നത്. നിരവധി പേര് അസുഖം ബാധിച്ച് ചികിത്സയ്ക്ക് എത്തിയതോടെയാണ് പ്രദേശത്തെ അഴുക്കുചാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ദ്ധ പരിശോധന നടത്തിയത്. വിവിധ വീടുകളിലെയും കിണറുകളിലെയും വെള്ളവും പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ കുറ്റിപ്പുറം നഗരത്തിലെ മൂന്ന് ഓടകളില്‍ കൂടി ഒഴുകുന്ന അഴുക്കുവെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ചീഞ്ഞുനാറിയ കുറ്റിപ്പുറത്തെ ശുചീകരിക്കാന്‍ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും മുതിര്‍ന്നിരുന്നില്ല. ഇതിനെതിരെ ജനരോക്ഷം ശക്തമായപ്പോള്‍ ഇന്നലെ ചില ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോളറ സ്ഥിരീകരിച്ച് ആറുദിവസം പിന്നിട്ടിട്ടാണ് പഞ്ചായത്ത് പഞ്ചായത്ത് ശുചീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ ഭരണസമിതി യോഗം തന്നെ ചേര്‍ന്നത്. നഗരം ശുചീകരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. തൊഴിലാളികളെ ലഭിക്കാത്തതിനാലാണ് ശുചീകരണം നടക്കാത്തതെന്ന നിസ്സാര ഭാവത്തിലുള്ള വിശദീകരണമാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം അടക്കം കാനയിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെയും ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്ത മാലിന്യപ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും ആരോഗ്യവകുപ്പും കണ്ടില്ലെന്നു നടിക്കുന്നു. കുറ്റിപ്പുറത്ത് മാത്രം 84 പേര്‍ക്ക് അതിസാരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചിട്ടില്ല.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പ് നിഷ്ക്രിയമാണ്. അതിന് ഉദാഹരണമാണ് പടരുന്ന പകര്‍ച്ചവ്യാധികള്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. കോളറ ബാധിച്ച് കുറ്റിപ്പുറത്ത് രണ്ടുപേര്‍ മരിച്ചപ്പോള്‍, അവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവിടുന്നതിന് പകരം മരണകാരണം കോളറയല്ലെന്ന പച്ചക്കള്ളം വിളിച്ചുപറയനാണ് ഡിഎംഒ നാവുയര്‍ത്തിയത്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ തോഴനായി പ്രവര്‍ത്തിക്കുന്ന ഡിഎംഒ ജില്ലയിലെ രോഗപ്രതിരോധ കാര്യങ്ങളില്‍ പൂര്‍ണ്ണ പരാജയമാണ്. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ടയാള് അതിന് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: