തൊടുപുഴ: എക്‌സൈസില്‍ വനിത ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 400 പുതിയ ജീവനക്കാരെ നിയമിക്കമെന്ന് കമ്മീഷണര്‍ ഋഷിരാജ് സിങ്. വിവിധ കേസുകളില്‍ വനിതകളില്ലാത്തത് പരിശോധനകളെ സാരമായി ബാധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കിയത്. സംസ്ഥാനത്താകെ 5100 ജീവനക്കാരുള്ളതില്‍ 264 പേരാണ് വനിതകളെന്നും അദ്ദേഹം പറഞ്ഞു. കുമളി, കമ്പംമെട്ട് വഴിയുള്ള കഞ്ചാവിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട് ബോര്‍ഡറിലെ എസ്പിമാരുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷണര്‍ സ്ഥാനത്തെത്തി 40 ദിവസത്തിനകം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നും എക്‌സൈസ് പിടിച്ച കേസുകള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടാണ് കമ്മീഷണര്‍ പത്ര സമ്മേളനം ആരംഭിച്ചത്. 480 ലഹരിമരുന്ന കടത്ത് കേസ് പിടികൂടിയപ്പോള്‍ 3555 അബ്കാരി കേസുകളില്‍ നിന്നായി 3468 പേരെ അറസ്റ്റ് ചെയ്തു. 200 വാഹനങ്ങള്‍ പിടിച്ചെടുത്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 130 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. 41 കേസുകളിലായി കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. 10000 ലിറ്റര്‍ അരിഷ്ടം, 410 ലിറ്റര്‍ എരക്ക്, 650 ലിറ്റര്‍ സ്പി
രിട്ട്. 3000 ലിറ്റര്‍ കള്ള്. 1000 ലിറ്റര്‍ ബിയര്‍, 15815 ലിറ്റര്‍ വാഷ് എന്നിവയും പിടിച്ചെടുത്തവയില്‍പെടും. 477 എന്‍ഡിപിഎസ് കേസുകളില്‍ നിന്നായി 468 പേരാണ് പിടിയിലായത്. കടത്തിക്കൊണ്ട് വരാന്‍ ശ്രമിച്ച 1 കോടി 30 ലക്ഷം രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇടുക്കി കഞ്ചാവ് കൃഷിയുണ്ട് എന്നതിന്റെ വ്യക്തമായ വിവരം ലഭിച്ചതായും ഋഷിരാജ് സിങ് പറഞ്ഞു. 2015 നെ അപേക്ഷിച്ച് കേസുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചതായും സ്‌കൂള്‍ പരിസരത്ത് ലഹരിപദാര്‍ത്ഥം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 5 കിലോ മീറ്റര്‍ ദൂരപരിധിയാക്കുന്ന കാര്യം ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് കമ്മീഷണര്‍ എത്തിയത്. തിരക്കിട്ട ഷെഡ്യൂളില്‍ സ്‌കൂളുകളിലും ഡീ അഡിക്ഷന്‍ സെന്ററുകളിലും അദ്ദേഹം ഓടിയെത്തി. ജില്ലയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ കോണ്‍ഫറന്‍സിന് ശേഷം ഇന്നലെ 7 മണിയോടെയാണ് അദ്ദേഹം ജില്ലയില്‍ നിന്നും മടങ്ങിയത്.
















