കൊട്ടാരക്കര: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷ്‌കുമാറിനെ തെന്മലയിലേക്കും മറ്റൊരു എഎസ്‌ഐ സുധാകരനെ കുളത്തൂപ്പുഴയിലേക്കുമാണ് റൂറല്‍ എസ്പി അജിതാബീഗം സ്ഥലം മാറ്റിയത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ജിഡി എന്‍ട്രി ലഭിക്കാന്‍ കൈക്കൂലി ചോദിച്ചു വാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. കെ.ആര്‍.ശ്രീകുമാര്‍, അഡ്വ.നിതീഷ് എന്നിവരുടെ പരാതിയിലാണ് നടപടി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ജിഡിഎന്‍ട്രി തയ്യാറാക്കല്‍, വാഹനപരിശോധനക്കിടെ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി ഏതാവശ്യത്തിനും സ്‌റ്റേഷനില്‍ എത്തുന്നവരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. മദ്യപിച്ചു പിടിയിലാകുന്നവരുടെ വാഹനം വിട്ടുനല്‍കാന്‍ ആയിരം രൂപയും ആളിനെ കേസെടുക്കാതെ വിടുന്നതിന് അഞ്ഞൂറു രൂപയുമായിരുന്നു നിരക്ക്. മണ്ണ്, മണല്‍ കേസുകളില്‍ പിടിയിലാകുന്ന വാഹനങ്ങള്‍ ഇറക്കാനെത്തുന്നവരില്‍ നിന്നും തരം പോലെയാണ് തുക വാങ്ങിയിരുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു.
പോലീസ് സ്‌റ്റേഷന്റെ അന്തസിനു നിരക്കാത്തതാണ് ഇവരുടെ രീതിയെന്ന് എസ്‌ഐമാരും മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിവൈഎസ്പി അനില്‍ദാസ് നല്‍കിയിരുന്ന റിപ്പോര്‍ട്ട് അന്നത്തെ മേലധികാരികള്‍ പൂഴ്‌ത്തിയതാണ്. തുടര്‍ന്നാണ് വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പി ആവശ്യപ്പെടുകയും റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുകയും ചെയ്തത്. കമ്മീഷന്‍ പറ്റി വക്കാലത്ത് കൈപ്പറ്റുന്നുവെന്ന പരാതിയില്‍ ട്രാഫിക് സ്റ്റേഷനിലെ എഎസ്‌ഐ സഹദേവനെ കഴിഞ്ഞാഴ്ച സ്ഥലം മാറ്റിയിരുന്നു.
















