അഗളി: അട്ടപ്പാടി മുരുഗള, കിണറ്റുക്കര ഊരുകളിലായി 38 വനവാസി കുടുംബങ്ങള്‍ കാലവര്‍ഷത്തില്‍ ഒറ്റപ്പെട്ടു. മഴപെയ്തു പുഴ നിറഞ്ഞതോടെയാണ് ഊരുകള്‍ ഒറ്റപ്പെട്ടത്. യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൃദ്ധന് മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ ആനവായ് വനമേഖലയില്‍ ഊരിലെ കുറുമ്പന് (55) ആണ് ചൊവ്വാഴ്ച മരിച്ചത്.
നാലു മാസമായി അരയ്ക്കുതാഴെ ശരീരം തളര്‍ന്നു കിടപ്പിലായിരുന്നു. കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ്ക്കുശേഷം രണ്ടാഴ്ച മുമ്പാണ് ഊരിലെത്തിയത്. ഒരാഴ്ചയായി അസുഖം വര്‍ധിച്ചെങ്കിലും കനത്ത മഴയില്‍ ഊരിനടുത്തുള്ള കാട്ടരുവി കടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. മരുന്നും ഭക്ഷണവും കഴിക്കാനാവാതെ ക്ഷീണിതനായാണ് കുറുമ്പന് മരിച്ചത്
മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ വനത്തിനകത്താണു പുറം ലോകവുമായി ബന്ധമില്ലാത്ത ഈ പ്രാക്തന ഗോത്ര ഊരുകള്‍. കുറുമ്പ വിഭാഗക്കാരായ ഇവര്‍ വനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സ്വന്തമായി ഭൂമിയില്ല. വനത്തിലെ പുഞ്ചക്കാടുകളില് കൃഷിചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഉപജീവനം.
പുഴക്കരയിലെത്താന്‍ കിണറ്റുകരക്കാര് രണ്ടു കിലോമീറ്റര്‍ വനത്തിലൂടെ നടക്കണം. പുഴ കടന്നാല്‍ ആനവായ് റോഡിലേക്കു മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്. വേനല്‍ക്കാലത്ത് ജീപ്പ് വരും.പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ വികസനത്തിനുള്ള 12 കോടിയുടെ കുറുമ്പ പാക്കേജില്‍ ഏതാനും മാസം അരിയും നിത്യോപയോഗ സാധനങ്ങളുമാണ് ഇവര്‍ക്ക് കിട്ടിയത്. അട്ടയും കാട്ടാനയും വിഷപ്പാമ്പുകളും മറ്റ് വന്യമൃഗങ്ങളും നിത്യ സഞ്ചാരികളായ വനത്തില്‍ കഴിയുന്ന ഇവര്‍ക്ക് വികസനം സ്വപ്നത്തില്‍ പോലുമില്ല
പുഴയ്ക്ക് കുറുകെ മുളയില്‍ പാലം തീര്‍ത്തും കയറിലും കാട്ടുവള്ളികളിലും തൂങ്ങിയുമാണ് മറുകര പറ്റുന്നത്. നൂറടിയിലേറെ വീതിയുള്ള പുഴയില്‍ ഇടവിട്ടുള്ള മരങ്ങളില്‍ മുളയുടെ അറ്റം ബന്ധിച്ചാണു പാലം നിര്‍മാണം. കരുത്തുള്ളവര്‍ക്കു മാത്രമേ മഴക്കാലത്തു പാലത്തിലൂടെ പുഴ കടക്കാനാവൂ. സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഗര്‍ഭിണികളും ഊരില്‍ തന്നെ കഴിയുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: