ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാ യോജന പ്രകാരം ഭാരതത്തിലെ ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കായി ബാങ്കുകള്‍ മുഖേന 1.80 ലക്ഷം കോടിയുടെ വായ്പ ഈ സാമ്പത്തിക വര്‍ഷം അനുവദിക്കും. മൈക്രോ യൂണിറ്റ്സ് ഡവലപ്മെന്റ് ആന്‍ഡ് റീ ഫിനാന്‍സ് ഏജന്‍സി (മുദ്ര) സിഇഒ: ജിജി മാമന് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2015 ഏപ്രിലിലാണ് മുദ്രബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി 1.22 ലക്ഷം കോടിയുടെ വായ്പ അനുവദിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തിക വര്‍ഷം ബാങ്കുകളും ചെറുധനകാര്യ സ്ഥാപനങ്ങളും വഴി മൊത്തം 1.33 ലക്ഷം കോടി വിതരണം ചെയ്യാനായി.
2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ചെറകിട സംരംഭങ്ങള്‍ക്കായി 1.80 ലക്ഷം കോടിയാണ് മുദ്ര പദ്ധതി പ്രകാരം വകയിരുത്തിയിരിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യ പാദത്തില്‍ തന്നെ 25,000 കോടി ബാങ്കുകള്‍ വഴി ജനങ്ങള്‍ക്ക് വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് മാമന് അറിയിച്ചു.
മൊത്തം ലോണ്‍ തുകയില്‍ നിന്നും 87,000 കോടി ബാങ്കുകളും, 46,000 കോടി ചെറുകിട ധനകാര്യ സ്ഥാപനങ്ങളുമാണ് നല്‍കിയത്.
പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ചെറുകിട സംരംഭങ്ങള്‍ക്ക് 50,000 മുതല്‍ 10 ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുക. ഇതില്‍ 80 ശതമാനവും സ്ത്രീകള്‍ക്കും നവ സംരംഭകര്‍ക്കുമായാണ് അനുവദിക്കുക. മുദ്ര യോജനയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ സംരംഭകരെ വളര്‍ത്തിയെടുക്കാനും ശ്രമം നടത്തുന്നുണ്ട്. ഡയറി, ഭക്ഷ്യോല്‍പ്പാദനം എന്നിവയിലേക്ക് സംരംഭകരെ ആകര്‍ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മാമന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: