കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലാ പരിധിയില്‍ പോലീസ് നടത്തിയ ഏകദിന പരിശോധനയില്‍ നിരവധി പിടികിട്ടാപുള്ളികള്‍ പിടിയിലായി.
എസ്പി അജിതാബീഗത്തിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി എ.അശോകന്‍, പുനലൂര്‍ ഡിവൈഎസ്പി മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിവിധ കേസുകളില്‍ വാറണ്ട് പ്രതികളായ പുന്നല സ്വദേശി ബിനു ജോണ്‍, കൂവക്കാട് സ്വദേശി ചെല്ലയ്യ, പനമ്പട്ടി സ്വദേശി രാംവിനോദ്, എഴുകോണ്‍ സ്വദേശി ഗോപാലന്‍, പൂയപ്പള്ളി സ്വദേശി ശിവപ്രസാദ്, ഉറുകുന്ന് സ്വദേശി അനില്‍കുമാര്‍ എന്നിവരെ പിടികൂടി. മദ്യപിച്ച് വാഹനമോടിച്ച 142 പേരും പൊതുസ്ഥലത്ത് മദ്യപിച്ച 56പേരും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയ മൂന്നുപേരും പിടിയിലായി.
ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതിന് 865 പേര്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് 35 പേരേയും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയ 23 പേരെയും ഉള്‍പ്പടെ വിവിധ കേസുകളിലായി 1235 പേര്‍ക്കെതിരെയാണ് ഏകദിന പരിശോധനയില്‍ കേസെടുത്തത്.
















