ഒരു വിഷയത്തിന്റെ സ്ഥലകാലക്രിയാ പരിചരണ രീതിയാണ് അതിന്റെ രചനാ ശയ്യ നിര്‍ണ്ണയിക്കുന്നത് (Design). സ്ഥലകാലങ്ങളുടെ വ്യത്യസ്ത വിതാനങ്ങളില്‍ വിന്യസിക്കപ്പെടുന്ന ദൃശ്യശ്രാവ്യ ബിംബങ്ങളിലൂടെ നാടകത്തിന്റെ ധ്വനിപാഠം, വികാരാവേഗങ്ങളോടെ പ്രേക്ഷകനിലേയ്ക്കും സംക്രമിയ്ക്കപ്പെടുന്നു. ഈ സംക്രമണത്തിന്റെ സുതാര്യതയും ലാളിത്യവുമാണ് രംഗാവതരണ വിജയത്തിനാധാരം. ഇതാണ് ഒരു രംഗാവതരണത്തിലെ ആന്തരിക ക്രിയ. അനുഷ്ഠാനാത്മക രംഗാവതരണങ്ങളിലാവുമ്പോള് (ritualistic theatre) ഈ സംവേദനം തീര്‍ത്തും അനുഭവതലത്തിലാവുന്നു. വാക്കുകളിലൂടെയുള്ള സംവേദനത്തെക്കാള്‍ അവതരണം ഒരു ദൃശ്യശ്രവ്യാനുഭവമായിത്തീരുന്നിടത്താണ് അനുഷ്ഠാനാത്മക രംഗാവതരണം പൂര്‍ണത നേടുന്നത്.
പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിനെ ആധാരമാക്കി ദീപന് ശിവരാമന് നടത്തിയ രംഗാവതരണം അനുഷ്ഠാനാത്മക രംഗവേദിയിലുള്ള ഒരന്വേഷണമാണ്. ‘തസറാക്കിന്റെ’ പ്രാഗ്രൂപ പരിസരങ്ങളിലേക്കും തുറക്കപ്പെടുന്ന ദൃശ്യശ്രവ്യ ബിംബങ്ങളാല്‍ സമൃദ്ധമാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍. ഈ പ്രാഗ്രൂപ സാധ്യതകളേയും മായികവിശ്വാസങ്ങളേയുമാണ് സംവിധായകന് അനുഷ്ഠാനാത്മക രംഗാവതരണത്തിന് വിഷയമാക്കിയിട്ടുള്ളത്.
തുറന്ന അരങ്ങില്‍, മൂന്നുവശവും പ്രേക്ഷകര്ക്കിരുന്ന് കാണാവുന്ന ഒരു ദീര്ഘചതുരത്തിനകത്തെ, കളത്തിലും തലങ്ങളിലുമായാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. സാധാരണ ‘അരീന’ എന്ന തുറന്ന അരങ്ങ് അര്ദ്ധവൃത്താകൃതിയിലാണുണ്ടാവുക. എന്നാല്‍ ഇവിടെ ഇത് ചതുരക്കളങ്ങളും അതിനെ അതിരിടുന്ന ചെറുതലങ്ങളുമായി മാറുന്നു. ചെറുതലങ്ങളാല് അതിരിട്ട ഈ കളം ഒരു വയല്ക്കണ്ടം പോലെയോ, തെയ്യം കെട്ടിയാടുന്ന കാവുകളുടെ തിരുമുറ്റം പോലെയോ നമുക്കനുഭവപ്പെടും. നാടകം വളരുമ്പോള്‍ നീരൊഴുക്കും കൈത്തോടുമെല്ലാം നമ്മുടെ ഭാവനയിലേക്ക് കൊണ്ടുവരാനുതകുന്ന രംഗക്രിയകളാല്‍ ആ കളം വീണ്ടും സജീവമാകുന്നു.
ഖസാക്കിലെ ശ്മശാനത്തിന്റെ മണ്ണടരുകളില്‍ നിന്ന് കഥാപാത്രങ്ങളെ വിളിച്ചുണര്ത്തുന്നൊരു മായിക ബിംബത്തോടെ തുടങ്ങുന്ന അവതരണം, കുളിര്‍ന്ന പ്രഭാതവും മഞ്ഞിന് പാടകള്‍ പാറിക്കിടക്കുന്ന വയല്‍വരമ്പുകളും ചായമക്കാനിയും തയ്യല്‍കടയും പറമ്പും, കിളയും കൃഷിയും പരദൂഷണങ്ങളും നാട്ടുശൃംഗാരങ്ങളും അടങ്ങിയ യഥാതഥ ജീവിത സന്ദര്‍ഭങ്ങളിലൂടെ വളര്‍ന്ന്; നൈജാമലിയുടെയും കുട്ടാടന്‍ പൂശാരിയുടേയും ആചാരാനുഷ്ഠാനങ്ങളുടെ ചടുലതയിലേക്ക് പയര്ന്നു കയറുന്നു.
ചൂട്ടിന്റെ അരണ്ട വെളിച്ചത്തില്‍ രംഗപ്രവേശം നടത്തുന്ന അഭിനേതാക്കള്‍ ഒരേസമയം, അവതാരകരും കഥാപാത്രങ്ങളുമാണ്. ചൂട്ടുകറ്റയുമായുള്ള അവരുടെ കടന്നുവരവ്, പലതലങ്ങളില്‍ നമ്മോട് സംവദിക്കുന്നുണ്ട്. കേരളീയ ഗ്രാമങ്ങളുടെ സ്മൃതികളില്‍ യോജിച്ചുകിടപ്പുള്ള വിശ്വാസാചാരാനുഷ്ഠാനങ്ങളെ അതോര്‍മ്മിപ്പിയ്ക്കുന്നു. ചൂട്ട്, പ്രേതസഞ്ചാരം, തേര്, യക്ഷി, മാടന്, മറുത, പരേതാത്മാക്കള്‍ തുടങ്ങി ഒരു ഗ്രാമമനസ്സിന്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. അവര്‍ പിന്നെ അരങ്ങിലെ ഉയര്‍ന്നതലത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തീര്‍ച്ചയായും ‘ചിതലിമല’ നമ്മളോര്‍ക്കും. ഇവരുടെ വരവിന്റെ രീതിയിലും താളത്തിലും എവിടെയോ ‘തീവണ്ടി’ ധ്വനിച്ചുകിടപ്പുണ്ടെന്നതാണ് ഈ രംഗബിംബത്തിന്റെ മറ്റൊരുതലം. അതോടെ രവിയുടെ വരവിനുള്ള മുന്നൊരുക്കം, അറിയാതെ നമ്മളറിയും.
ഇങ്ങനെ വ്യത്യസ്ത ഭാവാര്‍ത്ഥതലങ്ങളില്‍ സംവദിക്കുന്ന രംഗബിംബങ്ങളാല് കൊരുത്തെടുക്കപ്പെട്ടതാണ് ദീപന്റെ രചനാശയ്യ. അതുപോലെ തന്റെ അറിവിനും ബോധത്തിനും അനുസരിച്ച് രംഗബിംബങ്ങളെ വായിച്ചെടുക്കാനുള്ള സ്വാതന്ത്ര്യം ഈ രംഗാവതരണത്തില്‍ പ്രേക്ഷകനുണ്ട്. ഇത് വാസ്തവത്തില്‍ നമ്മുടെ ശാസ്ത്രീയവും നാടോടിയുമായ രംഗകലാരൂപങ്ങളുടെ അവതരണ പാരമ്പര്യമാണ്. ഭാരതീയ സൗന്ദര്യശാസ്ത്രപ്രകാരം, ഒരുവാക്ബിംബത്തിന് അഭിധ, ലക്ഷണ, വ്യഞ്ജന എന്നിങ്ങനെയുള്ള ത്രിവിധ വ്യാപാരങ്ങളുണ്ടെന്ന് സംസ്കൃത, കാവ്യ, മീമാംസകര്‍ പ്രസ്താവിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതേ പ്രക്രിയ തന്നെയാണ് ഒരു ദൃശ്യശ്രാവ്യ ബിംബവും നിര്‍വഹിക്കുന്നത്.
നേരിട്ടുള്ള അര്‍ത്ഥം, ലക്ഷണം കൊണ്ടുള്ള അര്‍ത്ഥം, ധ്വനിപ്പിക്കപ്പെടുന്ന ഭാവാര്‍ത്ഥതലങ്ങള്‍ എന്നിങ്ങനെയുള്ള ഈ വ്യവഹാരരീതിയില്‍ പ്രേക്ഷക ബോധത്തിനും അറിവിനും ഭാവനയ്ക്കും വലിയ പ്രാധാന്യമുണ്ട്. അവിടെ പ്രേക്ഷകനും സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാകുന്നു. ഈ ഒരു കലാദര്‍ശനം ദീപന്റെ രചനാ ശയ്യയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. എന്നാല്‍ അനുഷ്ഠാനാത്മകതയിലേയ്ക്ക് വളരുമ്പോള്‍ ഈ സൈദ്ധാന്തിക വ്യവഹാരങ്ങള്‍ക്കപ്പുറം രംഗാവതരണം, ഒരു നവീന ദൃശ്യാനുഭവമായിത്തീരുകയും ചെയ്യുന്നു.
ചില ബിംബങ്ങളെല്ലാം നേരത്തെ മറ്റുപലരും പ്രയോഗിച്ചവയാണെന്നൊരു ദോഷം ഇല്ലാതില്ല (ഉദാ; തറയില്‍ പടരുന്ന അഗ്നിവൃത്തം-പീറ്റര്‍ ബ്രാക്ക്-മഹാഭാരതം). എങ്കിലും ആ ബിംബങ്ങളുപയോഗിച്ച സന്ദര്‍ഭം അതനിവാര്യമാക്കുന്നുണ്ടെന്നതിനാല് മുഷിച്ചിലുണ്ടാകുന്നില്ല. മാത്രമല്ല; രംഗബിംബങ്ങളെ ജീവന് തുടിക്കുന്നവയാക്കി തീര്‍ക്കുന്നതില്‍ നടീനടന്മാര് വഹിച്ച പങ്ക് അമൂല്യമാണ്. രാജീവ് (നൈജാമലി), കുട്ടന് (കുപ്പുവച്ചന്), (അള്ളാപ്പിച്ച മൊല്ലാക്ക), ഡോ. താരിമ (മൈമുന) തുടങ്ങിയവരുടെ പ്രകടനം പ്രത്യേകപരാമര്ശത്തിനപ്പുറം അര്‍ഹിക്കുന്നുണ്ട്.
മണ്ണ്, ജലം, അഗ്നി, പച്ചിലകള്‍, പച്ചക്കറികള്‍ എന്നിങ്ങനെ പ്രകൃതിജന്യമായ വസ്തുക്കളാല്‍ മെനഞ്ഞെടുത്തതാണ് ഇതിലെ രംഗബിംബങ്ങളെല്ലാം. അപനിര്‍മ്മാണ (Deconstruction)മാണ് ദീപന്റെ രംഗ രചനാശയ്യ എന്നുപറയാം. വ്യവസ്ഥാപിത ശൈലികളെ, ഘടനയെ പൊളിച്ചെഴുതലാണത്. വളരെ രസകരവും, സൗന്ദര്യാത്മകവുമായി ദീപന് അതുനിര്വഹിക്കുന്നുണ്ട്. പ്രൊസീനിയം അരങ്ങിന്റെ വ്യവസ്ഥാപിതമായ സങ്കല്പം തകര്ത്തുകൊണ്ടാണത്. തുറന്ന അരങ്ങില്‍ അവതരിപ്പിക്കുമ്പോഴും പ്രൊസീനിയത്തിന്റെ സാധ്യതകളെ സംവിധായകന് വളരെ സമര്‍ത്ഥമായി തന്റെ രംഗരചനയില്‍ ചേര്‍ത്തുനിര്‍ത്തുന്നു.
പ്രൊസീനിയം അരങ്ങിന്റെ ചതുര്മാനതലത്തിന്റെ നാലാം ചുമര് മുന്വശത്താണെന്നാണ് സങ്കല്പം. പൊളിച്ചുകളഞ്ഞ ആ ചുമരിന്റെ ഒഴിവിലൂടെയാണ് നമ്മള് ജീവിതതുല്യമായ നാടകം കാണുന്നത് എന്നാണ് യൂറോപ്യന്‍ യഥാതഥ പ്രൊസീനിയം സങ്കല്പം. ഈ സങ്കല്പത്തെ സംവിധായകന് വളരെ സര്‍ഗ്ഗപരമായി തകര്‍ക്കുന്നു.
സങ്കല്പത്തില് മാത്രം നിലനിന്നിരുന്ന ആ നാലാം ചുമര്, അവതരണത്തില്‍ ദീപന് യാഥാര്‍ത്ഥ്യമാക്കുന്നു. പക്ഷെ, അതിന്റെ സ്ഥാനം മുന്‍വശത്തല്ല. പകരം, പിന്നരങ്ങില്‍ വളരെ ദൂരെയാണ്. എന്നാല്‍ ഒരത്യന്താപേക്ഷിത സന്ദര്‍ഭത്തില്‍ ആ ചുമര് തുറക്കപ്പെടുകയും ഒരു പ്രൊസീനിയം അരങ്ങിന്റെ സ്വച്ഛതയില്‍ രവിയും കാമുകിയും നഗരത്തിലെ ഹോട്ടലിലിരുന്ന് കാപ്പികുടിക്കുന്ന ദൃശ്യം യഥാതഥമായി ആവിഷ്കരിക്കുകയും ചെയ്യുന്നു. നാലാം ചുമര് (fourth wall) സങ്കല്പം തകര്‍ക്കുമ്പോഴും സംവിധായകന്; പ്രൊസീനിയം അരങ്ങിന്റെ സാധ്യതകളെ അതിന്റെ എല്ലാ രാജകീയ പ്രൗഢിയോടെയും നിലനിര്‍ത്തി എന്നതാണ് ഈ അപനിര്‍മാണത്തിലെ സര്‍ഗ്ഗപരത.
തീര്‍ത്തും, വിരുദ്ധങ്ങളായ രണ്ടുരംഗാവതരണ ശൈലികളെ കൂട്ടിയോജിപ്പിക്കുക വഴി ഒരുപുരാതന ഗ്രാമത്തിന്റെയും നഗരത്തിന്റെയും രണ്ടാവാസവ്യവസ്ഥകള് വളരെ വ്യക്തവും ശക്തവുമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ലണ്ടനില്‍ നിന്ന് സിനോഗ്രാഫിയില് ബിരുദാനന്തര ബിരുദം നേടിയ ദീപന് ശിവരാമന് ആധുനിക രംഗകലാചലന ശാസ്ത്രത്തിലെ (modern theatre dynamics) സര്‍ഗ്ഗ സാന്നിദ്ധ്യമാകുന്നു.
മലബാറിന്റെ സംഗീത പാരമ്പര്യം അടയാളപ്പെടുത്തുന്ന ചന്ദ്രന് വെയ്യാറ്റുമ്മല് സംവിധാനം ചെയ്ത പശ്ചാത്തല സംഗീതം അവതരണത്തിനും ശക്തി പകര്‍ന്നു. ദക്ഷിണേന്ത്യന്‍ നാടോടി സംഗീതത്തിലും അനുഷ്ഠാനാത്മകവുമായ സംഗീതപാരമ്പര്യമുളള കുടുംബത്തില്‍ പിറന്ന ചന്ദ്രന് ഭാരതത്തിനകത്തും പുറത്തും നിരവധി പ്രഗത്ഭ സംവിധായകരോടൊത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൃശ്യബിംബങ്ങള്‍ക്ക് സമാന്തരമായി ശ്രവ്യബിംബമൊരുക്കുകയും വികാരവിനിമയം സുതാര്യമാക്കുകയും ചെയ്യുന്നതായിരുന്നു ഖസാക്കിന്റെ പശ്ചാത്തല സംഗീതം.
നാടകം, ഒരു കൂട്ടായ്മയുടെ കലയാണെന്ന ചൊല്ലിനുത്തമോദാഹരണമാണ് തൃക്കരിപ്പൂര്‍ ഗ്രാമവാസികളുടെ ഈ സമര്‍പ്പിത രംഗയജ്ഞം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: