പുതുക്കാട് : പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥിയെ സ്കൂളിലെ ഫുട്ബോള്‍ ക്യാമ്പില്‍ നിന്നും ഒഴിവാക്കിയതായി പരാതി.തലോര്‍ ദീപ്തി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ ത്രശ്ശൂര് കുരുതുകുളങ്ങര കൂള വീട്ടില്‍ ജോസ് മകന് ഗോഡ് വിനെയാണ് ക്യാമ്പില്‍ നിന്നും സ്കൂള്‍ അധികൃതര്‍ ഒഴിവാക്കിയത്.
ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്കും, കായികമന്ത്രിക്കും, വിവാദ്യാസ ഡയറക്ടര്‍ക്കും ഗോഡ് വിന്റെ പിതാവ് പരാതി നല്കി.പഠന വൈകല്യമുള്ള ഗോഡ് വിന് മറ്റൊരാളെ വച്ച് പരീക്ഷ എഴുതി വിജയിച്ചിട്ടുള്ളതാണ്. മികച്ച ഫുട്ബോള്‍ താരമായ ഗോഡ് വിന് സിഎംഐ മിനി വേള്‍ഡ് കപ്പിലും, ജില്ലാതല റവന്യു ഫുട്ബോള്‍ മത്സരത്തിലും ഗോവയില്‍ നടന്ന ടൂര്‍ണമെന്റില്‍ തൃശ്ശൂര്‍ ഒക്ടോപാല്‍സിനു വേണ്ടിയും നിരവധി ക്ലബുകള്‍ക്കു വേണ്ടിയും കളിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.ഒന്നര മാസക്കാലം സ്കൂളിലെ കോച്ചിംഗ് ക്ലാസ്സില്‍ പങ്കെടുത്ത് 16 അംഗ ടീമില്‍ ഉള്‍പ്പെട്ട ഗോഡ് വിനെ പിന്നീട് അകാരണമായി ഒഴിവാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ടീമില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥി രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയതായും പരാതിയില്‍ പറയുന്നു.നെന്മണിക്കര ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുട്ടിയെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വെക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.എന്നാല്‍ കമ്യുണിറ്റി ക്വോട്ടയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിക്ക് പഠനവൈകല്യം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: