ആദ്ധ്യാത്മിക ശാസ്ത്രം അനുസരിച്ച് പരമ പദപ്രാപ്തിക്കുവേണ്ടി നാം പ്രയത്‌നിക്കുമ്പോള്‍, ഏതെങ്കിലും ഗുരുശിഷ്യപരമ്പരയുടെ സമ്പ്രദായത്തില്‍ നാം ഉള്‍പ്പെടണം. എല്ലാ ഗുരുശിഷ്യ പരമ്പരയുടേയും ആരംഭം ഭഗവാനില്‍നിന്നുതന്നെയാണ്. എല്ലാപരമ്പരകളും ഭഗവദ്പദമെന്ന ലക്ഷ്യത്തില്‍ എത്തുന്ന മാര്‍ഗങ്ങള്‍ തന്നെ.
എങ്കിലും വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടായിരക്കും. അതുകാരണം നേരേയുള്ള വഴികളും വളഞ്ഞവഴികളും ഉണ്ടാവും. ഒരേസരസില്‍നിന്ന് ധാരാളം നദികള്‍ ഉല്‍ഭവിക്കുന്നു. എല്ലാം സമുദ്രത്തില്‍ ചെന്നുചേരുന്നവതന്നെയാണ്. ഒഴുകുന്ന മാര്‍ഗങ്ങളുടെ വ്യത്യസ്ഥതകാരണം ചിലനദികള്‍ക്ക് നീളം വര്‍ദ്ധിക്കുന്നു ചിലതിന് നീളം കുറയുന്നു. അതുപോലെ എന്നുപറയാം.
എല്ലാപരമ്പരകളിലുംവെച്ച് ഗീതയുടെ ഗുരുശിഷ്യപരമ്പരക്കുതന്നെ പ്രാധാന്യം എന്നുമനസ്സിലാക്കണം.
ശ്രീ ശങ്കരാചാര്യര്‍ പറയുന്നു. ‘‘പ്രവൃത്തി ലക്ഷണമോ നിവൃത്തി ലക്ഷണമോ വേദാര്‍ത്ഥത -ഗീതാ സു ച സര്‍വാസു അയം ഏവയോഗഃ വിവക്ഷിതഃ ഭഗവതാ‘‘
ശാസ്ത്രവിധി അനുസരിച്ച് കര്‍മ്മം ചെയ്ത് ചിത്തശുദ്ധി വന്നതിനുശേഷം കാമ മാലിന്യം നീങ്ങിയശേഷം, നിഷ്‌കാമാമയി ഭഗവദാരാധനയായി കര്‍മ്മങ്ങള്‍ചെയ്ത് നിവര്‍ത്തിക്കുക ഇതാണ് വേദാര്‍ത്ഥം, ഇതുതന്നെയാണ് ഭഗവാന്‍ ഗീതമുഴുവനും കൊണ്ട് പറയാന്‍ ഉദ്ദേശിച്ചതും.
(തുടരും)
















