പത്തനാപുരം: നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി വലിയമാടം ഇരപ്പന്‍തോട് റോഡ്. പത്തനാപുരം പഞ്ചായത്തിലെ അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലേക്ക് പാത വേണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യവ്യക്തികള്‍ വിട്ടുനല്‍കിയ സ്ഥലത്ത് കാല്‍നടയാത്രയ്‌ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ചെറിയ പാതയാണ് നിലവില്‍ ഉള്ളത്.
ഇരുവശവും കാടുമൂടി കിടക്കുന്നതിനാല്‍ അതും ഉപയോഗിക്കാന്‍ കഴിയുന്നില്ല. നിരവധിതവണ പാത പുനര്‍നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് വിദ്യാര്‍ത്ഥികളടക്കം പ്രധാനപാതയിലേക്ക് എത്തുന്നത്. മഴക്കാലമായാല്‍ പാതയില്‍ വെള്ളക്കെട്ടാകുകയും ചെളിനിറയുകയും ചെയ്യും. ഇതോടെ സഞ്ചാരം പൂര്‍ണ്ണമായും തടസ്സപ്പെടും. പാതയില്ലാത്തത് കാരണം വാഹനങ്ങള്‍ പോലും കടന്നു വരാറില്ല. ചികിത്സയ്‌ക്കായി പോകണമെങ്കില്‍ രോഗികളുമായി നടന്ന് പോകുകയേ മാര്‍ഗമുള്ളൂ.
പഞ്ചായത്തിനും എംഎല്‍എയ്‌ക്കും പലതവണ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം ഫയലുകളില്‍ മാത്രമായി ഒതുങ്ങി. സഞ്ചാരയോഗ്യമായ പാത ആശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
















