കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗമായ ഹരീഷ്ഗട്ടിയെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം-പോലീസ് നടപടിയില്‍ ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്തിലെ പത്താം വാര്‍ഡിലെ മുജംകാവ് കോട്ടക്കാര്‍ റോഡ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഈ റോഡ് ശ്രമദാനം നടത്തുകയായിരുന്നു പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍. ഈ ജോലി നടന്നു വരുന്നതിനിടയില്‍ അതുവഴി വന്ന വാഹനങ്ങള്‍ ദര്‍ബാര്‍കട്ട മൂളിയടുക്ക സ്കൂള്‍ വഴി തിരിച്ച് വിടുകയായിരുന്നു. ഈ സമയത്ത് മദ്യപിച്ച് വാനില്‍ അതുവഴി വന്ന മാധവന് എന്ന വ്യക്തിയോട് മറ്റു വാഹനങ്ങള്‍ പോയ വഴിയിലൂടെ പോകാന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് അറിയാമോയെന്നും പഞ്ചായത്തംഗത്തിന്റെ പേരില്‍ കേസ് കൊടുക്കുമെന്നും മാധവന് പറഞ്ഞു. ഈ സമയത്ത് റോഡിന്റെ ജോലി ചെയ്യുകയായിരുന്ന സംസാര ശേഷിയില്ലാത്ത ശ്രീനിവാസനെന്ന യുവാവ് ആംഗ്യ ഭാഷയില്‍ മാധവനോട് മറ്റ് വാഹനങ്ങള്‍ കടന്ന് പോകുന്ന വഴിയിലൂടെ പോകാന്‍ ആംഗ്യം കാണിച്ചു. ഉടനെ മാധവന് വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന് ശ്രീനിവാസന്റെ മുഖത്ത് അടിക്കുകയും കോളറില്‍ പിടിക്കുകയും ചെയ്തു. ഈ സമയത്ത് ശ്രീനിവാസനെ അടിച്ചത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകനായ ശ്രീനിവാസന്റെ അച്ഛനെ മദ്യലഹരിയിലുള്ള മാധവന് കോളറില്‍ പിടിച്ചു. ഇതാണ് സംഭവമെന്നിരിക്കെ ഇല്ലാത്ത സംഭവം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമാധാനം നിലനില്‍ക്കുന്ന കുമ്പള പഞ്ചായത്തില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കത്തില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി യോഗം പ്രസ്താപിച്ചു.
സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി നിരപരാധികളായ പഞ്ചായത്തംഗത്തിനെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്തിരിയണമെന്നും, സത്യസന്ധമായി അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ രമേശ്ഭട്ട്, സുജിത്ത്റൈ, എസ്.പ്രേമലത, സുധാകര കാമത്ത് എന്നിവരും, ശങ്കര കുണ്ടുങ്കരടുക്ക, പുഷ്പരാജ്, പത്മനാഭറൈ, ശശി കുമ്പള എന്നിവരും സംസാരിച്ചു. കെ.വിനോദന്‍ സ്വാഗതവും കെ.വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
തകര്‍ന്ന മുജംകാവ് കോട്ടക്കാര്‍ റോഡ് വാര്‍ഡ് അംഗം ഹരീഷ്ഗട്ടിയുടെ നേതൃത്വത്തില്‍ ശ്രമദാനത്തിലൂടെ നന്നാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: