കോഴിക്കോട്: സരോവരം ബയോപാര്‍ക്കില്‍ ജില്ലാ കലക്ടര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. സന്ദര്‍ശകര്‍ക്കായൊരുക്കിയ ഇരിപ്പിടങ്ങളുടെ കല്ലുകള്‍ പലതും മറിച്ചിട്ട നിലയിലാണ്. ടെന്റുകള്‍നിലംപൊത്തിയ നിലയിലാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ശൗചാലയങ്ങള്‍ ഉപയോഗശൂന്യമായ നിലയിലാണ്. സരോവരം ബയോപാര്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് സ്ഥലം എം.എല്‍.എയും ഡെസ്റ്റിനേഷന്‍ ചെയര്‍മാനുമായ എ.പ്രദീപ് കുമാറുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു.
പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഇവിടത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ തിയറ്റര്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സംഗീത-കലാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ടി.പി.സി ഡെസ്റ്റിനേഷന്‍ മാനേജര്‍ സാബു അബ്രഹാമും കലക്ടറോടൊപ്പമുണ്ടായിരുന്നു.
















