കോഴിക്കോട്: അടുത്ത രണ്ടു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ അനുവദിക്കില്ലെന്ന ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനം ഫലത്തില്‍ നിയമനനിരോധനമാണെന്ന് കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മൂന്ന് സുപ്രധാന ഉത്തരവുകള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. 2014-15 അക്കാദമിക വര്‍ഷം അനുവദിക്കുകയും അധ്യയനം നടത്തിവരുന്നതുമായ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ബാച്ചുകളിലെയും അധ്യാപകരെ അനുവദിക്കല്‍, ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ സീനിയറായി പ്രമോട്ട് ചെയ്യുക, സ്‌കൂള്‍ ഓഫിസുകളില്‍ ക്ലാര്‍ക്കിനെയും പ്യൂണിനെയും നിയമിക്കുക എന്നീ തീരുമാനങ്ങള്‍ നടപ്പാക്കണം. ഒരേ യോഗ്യതയുള്ള അധ്യാപകരില്‍ ചിലര്‍ ജൂനിയറായി വിരമിക്കേണ്ടിവരുന്ന സാഹചര്യമാണ് ഹയര്‍സെക്കന്‍ഡറിയിലുള്ളത്.
ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ അനുവദിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ ഉത്തരവായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും കെഎച്ച്എസ്ടിയു സംസ്ഥാന കമ്മിറ്റി നിവേദനം നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌കരിക്കും. ആഗസ്ത് പത്തിന് എല്ലാ ജില്ലകളിലും പ്രക്ഷോഭ സംഗമങ്ങള്‍ നടത്തും.
ആഗസ്ത് രണ്ടാംവാരം തിരുവനന്തപുരത്ത് ധര്‍ണ നടത്താന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് കെ.ടി. അബ്ദുല്‍ ലത്തീഫ്, ഒ. ഷൗക്കത്തലി, മുഹമ്മദ് ജാസിം, മുഹമ്മദ് ഷമീം എന്നിവര്‍ പങ്കെടുത്തു.















