കോഴിക്കോട്: ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ അഫ്‌സാന നടത്തിയ സമരത്തിന് വിജയകരമായ പരിസമാപ്തി. അഫ്‌സാനയും ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഭര്‍ത്താവ് അര്‍ഷാദിന്റെ കുടുംബാംഗങ്ങളും പുനര്‍ജ്ജനി ഭാരവാഹികളും അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ തീരുമാനമായത്. അതു പ്രകാരം അഫ്‌സാനയുടെ മകള്‍ ആമിക്ക് പ്രതിമാസം 1250 രൂപ ഭര്‍ത്താവ് അര്‍ഷാദ് മണിഓര്‍ഡറായി അയച്ചുകൊടുക്കണം. ഭാര്യക്ക് 5.8 ലക്ഷം രൂപ അര്‍ഷാദ് നല്‍കും. ഇരു ഭാഗവും കേസുകള്‍ പിന്‍വലിക്കും. ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് (1) മുമ്പാകെ അഫ്‌സാന നല്‍കിയ വിവാഹമോചന കേസ് പരിഗണിക്കും. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ കോടതി മുമ്പാകെ ഇന്ന് ഹാജരാക്കും. തുടര്‍ന്ന് പള്ളി കമ്മിറ്റി വഴി തലാഖിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.
ജനകീയ സമിതി ഭാരവാഹികള്‍, പുനര്‍ജ്ജനി ഭാരവാഹികളായ അഡ്വ. സീനത്ത്, ഷബ്‌ന, അഫ്‌സാനയുടെ അഭിഭാഷക രേഖ, അര്‍ഷാദിന്റെ ബന്ധുക്കള്‍, അഡ്വ. വി. കെ. മുഹമ്മദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 2013 ഏപ്രില്‍ 14ന് വിവാഹിതയായ അഫ്‌സാനയെ അര്‍ഷാദ് ഒഴിവാക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകളെല്ലാം അവസാനിച്ചതോടെ ഇടിയങ്ങര കുത്തുകല്ലിലെ അഫ്‌സാന അര്‍ഷാദിന്റെ വീട്ടുവരാന്തയില്‍ കഴിഞ്ഞ ഏഴു ദിവസമായി സമരത്തിലായിരുന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ സമരം അവസാനിപ്പിച്ചു.
















