കുറ്റിയാടി: നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി മലയില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി. കമ്മായി മലയിലെ കുറിഞ്ഞിലിയോട് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും പാറക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു ശേഖരം ഉണ്ടായിരുന്നത്. ഇലക്ട്രിക് ഡിറ്റനേറ്ററുകളും ഫ്യൂസ് വയറുകളുമായിരുന്നു ചാക്ക് കെട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 1175 ഡിറ്റനേറ്ററുകളും 6 മീറ്റര്‍ നീളമുള്ള 34 റോള്‍, 7 മീറ്റര്‍ നീളമുള്ള 58 റോള്‍ ഫ്യൂസ് വയറുകളാണ് ഉണ്ടായിരുന്നത്. മേഖലയില്‍ സ്‌ഫോടക വസ്തു ശേഖരങ്ങള്‍ പിടികൂടിയ സാഹചര്യത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉടുമ്പിറങ്ങി ക്വാറിക്ക് മുകളില്‍ ഫോറസ്റ്റിനോട് ചേര്‍ന്ന തോട്ടത്തിന്റെ കരയില്‍ നിന്നും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയിരുന്നു.
















