പുത്തൂര്‍: യോഗയിലൂടെ അവനവനെ അറിഞ്ഞും ലോകത്തെ അറിഞ്ഞും നൂറുകണക്കിന് കുരുന്നുകള്‍ ഒത്തുചേര്‍ന്നു. അശാന്തി നിറഞ്ഞ ലോകത്തിന് പ്രസന്നതയുടെയും ആത്മവിശ്വാസത്തിന്റെയും പാഠം പകരുകയാണ് യോഗയുടെ ദൗത്യമെന്ന് വിളിച്ചു പറയുന്നതായി വിദ്യാനികേതന്‍ സംഘടിപ്പിച്ച യോഗ ശില്പശാല.
ലോകസമാധാനത്തിന് ഭാരതം നല്‍കുന്ന ഒറ്റമൂലിയാണ് യോഗയെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത പുത്തൂര്‍ എസ്‌ഐ വി.പി. സുധീഷ് പറഞ്ഞു. ഭാരതീയവിദ്യാനികേതന്‍ സംഘടിപ്പിച്ച ഏകദിന യോഗ ശില്പശാല പവിത്രേശ്വരം കെഎന്‍എന്‍എം വിഎച്ച്എസ്എസിലാണ് നടന്നത്. യോഗ അധ്യാത്മവിദ്യയാണ്. അത് ജീവിതത്തെ പ്രസന്നമാക്കുന്നതിനുള്ള തിരിച്ചറിവാണ് സമൂഹത്തിന് പകരുന്നത്. ലോകമെങ്ങും അക്രമങ്ങളും അശാന്തിയും നടമാടുന്നത് പ്രസന്നത കൈമോശം വരുന്നതുകൊണ്ടാണെന്ന് സുധീഷ് പറഞ്ഞു. പാഠപുസ്തകങ്ങള്‍ക്കൊപ്പം യോഗയും ധ്യാനവും ശീലിക്കുന്നത് ശ്രദ്ധ കൈവരിക്കുന്നതിന് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാനികേതന്‍ ജില്ലാ കാര്യദര്‍ശി സി. വിജയകുമാര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംയോജകന്‍ എം. മനോജ് മുഖ്യപ്രഭാഷണം നടത്തി. ശിശുവാടിക മേഖലാ സംയോജകന്‍ ആര്‍. ഹൃഷികേശ്, ജില്ലാ സഹകാര്യദര്‍ശി ബി. ശൈലേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഒരു ദിവസം നീണ്ടുനിന്ന ശില്പശാലയില്‍ പങ്കെടുത്തത്.
















