മുക്കം: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനത്തിന് എയ്ഡഡ് സ്‌കൂളുകളില്‍ നിയമവിരുദ്ധമായ ‘നിര്‍ബന്ധ ‘പിരിവിലുടെ രക്ഷിതാക്കളെ ഞെക്കിപ്പിഴിയുന്നതായി പരാതി.
അഞ്ഞൂറ് രൂപയിലധികം പി.ടി.എ ഇനത്തില്‍ ഈടാക്കാന്‍ പാടില്ലെന്ന് സര്‍ക്കാറിന്റെ കര്‍ശനമായ നിര്‍ദേശമുണ്ടെങ്കിലും പതിനായിരം രൂപ വരെ സ്‌കൂള്‍ പി.ടി.എ കമ്മറ്റിയുടെ പേരില്‍ അധ്യാപകരും പി.ടി.എ.ഭാരവാഹികളും ചേര്‍ന്ന് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്നതായാണ് പരാതി. ഇതിന് രശീതിയൊന്നും നല്‍കില്ല.മുക്കം നഗരസഭയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ രക്ഷിതാവ് പി.ടി.എ പ്രസിഡണ്ടും വൈസ് പ്രിന്‍സിപ്പലും ഇരിക്കുന്ന പ്രത്യേക മുറിയിലേക്ക് ചെല്ലണം. ഇവിടെ വെച്ചാണ് നിയമ വിരുദ്ധ പിരിവ് നടത്തുന്നത്. ഇവരുടെ ചോദ്യത്തിനു മുമ്പില്‍ പാവം രക്ഷിതാക്കള്‍ കുഴങ്ങുകയാണ്. കുട്ടിയുടെ പഠനവും ഭാവിയുമോര്‍ത്ത് ഉയര്‍ന്ന അധ്യാപകനോടും പി.ടി.എ പ്രസിഡണ്ടിനോടും രക്ഷിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനോ നിയമം ചൂണ്ടിക്കാട്ടാനോ ധൈര്യപ്പെടുന്നില്ല. പതിനായിരംവരെ കെട്ടിട നിര്‍മ്മാണത്തിന്റെയും മറ്റും പേരില്‍ ആവശ്യപ്പെടുന്നതായി ആരോപണമുണ്ട്. തങ്ങള്‍ ആരോടും നിര്‍ബന്ധ പിരിവ് നടത്തുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
















