ഇടമുറിയാതെ വര്‍ഷം പെയ്യുന്ന കര്‍ക്കിടകം വരവായി, ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വെച്ചു ശീപോതി ഒരുക്കി മലയാളികള്‍ ലക്ഷ്മി ദേവിയെ പൂജിക്കുന്ന പുണ്യ മാസം. ദിന രാത്രങ്ങള്‍ രാമകഥകള്‍ കൊണ്ടു മുഖരിതമാവുന്ന രാമായണ മാസം കൂടിയാണ് മലയാളികള്‍ക്ക് കര്‍ക്കിടക മാസം.
തുഞ്ചത്തു എഴുത്തച്ഛന്റെ കാവ്യ മനോഹരമായ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ഒട്ടുമിക്ക ഗൃഹങ്ങളിലും പാരായണം ചെയ്യപ്പെടുന്നു എന്നുള്ളത് രാമായണ മാസത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. കേരളത്തിലെ ഭക്ത ലക്ഷങ്ങള്‍ക്ക് നാലമ്പല ദര്‍ശന പുണ്യം കൂടിയാണ് കര്‍ക്കിടകമാസം നല്‍കുന്നത്. ഗണേശ സങ്കല്പത്തില് ആനകളെ ആരാധിച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം ഗജപൂജയും ആനയൂട്ടും നടക്കുന്നതും കര്‍ക്കിടക മാസത്തില്‍ തന്നെയാണ്.
ഇതിനൊക്കെ പുറമേ ആയുര്‍വേദ ചികിത്സയ്ക്കും ചിട്ടകള്‍ക്കും കര്‍ക്കിടകമാസം പരമ പ്രധാനമാണ്.
കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ ഒതുങ്ങിയിരുന്ന രാമായണ മാസാചരണം കടല്‍ കടന്നു ബ്രിട്ടനിലുമെത്തി. സനാതന ധര്‍മ്മത്തിന്റെ പ്രചുര പ്രചാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിനു തയാറെടുത്തു കഴിഞ്ഞു.
പതിവ് വേദിയായ ക്രോയനിലെ വെസ്റ്റ് ത്രോണ്ടന് കമ്മ്യൂണിറ്റി സെന്റെറില്‍ വെച്ചു ഈ മാസം 23 നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ രാമായണ മാസാചരണം നടത്തപ്പെടും. രാമായണ പാരായണം, ഭജന, സമൂഹ രാമനാമ ജപം തുടങ്ങിയ പരിപാടികള്‍ കൂടാതെ ബാലവേദി അവതരിപ്പിക്കുന്ന ‘സീതാപഹരണം’ എന്ന നാടകവും വേദിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം ബാലവേദി അവതരിപ്പിച്ച ‘വിച്ഛിന്നാഭിഷേകം’ എന്ന നാടകത്തിന്റെ തുടര്‍ച്ചയായാണ് ‘സീതാപഹരണം’ എന്ന നാടകം ഇത്തവണ അവതരിപ്പിക്കുന്നത്.
പരിപാടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധികരിക്കും. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും സര്‍വാത്മനാ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
വേദിയുടെ വിലാസം: West Thornton Community Centre, 731 – 735 London Road, Thornton Heath, Croydon CR7 6AU
പ്രതികരിക്കാൻ ഇവിടെ എഴുതുക: