ചിലർചോദിക്കാറുണ്ട് ‘സാധനയോ കർമ്മമോ’ പ്രധാനം എന്ന്. ഏതു സാഹചര്യത്തിലും ശരീര മനോബുദ്ധികളുടെ താള ലയം നഷ്ടമാകാതിരിക്കലാണ് ശരിയായ തപസ്. ചിലർ നന്നായി സാധനചെയ്യും. പക്ഷേ ചെറിയകാര്യംമതി, കോപത്തിനടിമയാകും. പിന്നെ എന്താണ് പറയുന്നതെന്നോ പ്രവർത്തിക്കുന്നതെന്നോ ഓർമ്മകാണില്ല. മറ്റുചിലരുണ്ട്. ഉത്സാഹത്തോടെ ആത്മാർത്ഥതയോടെ കാര്യങ്ങൾ നിർവഹിക്കും. എന്നാൽ അവർ നിസ്സാര പ്രശ്‌നങ്ങൾക്കുമുന്നിൽ തളർന്നുവീഴും. മനോനിയന്ത്രണം നഷ്ടപ്പെട്ടേക്കാം. അതിനാൽ കർമ്മമോ സാധനയോ മാത്രമായാൽ പോരാ രണ്ടും കൂടിവേണം. കർമ്മവും സാധനയും നമുക്കാവശ്യമാണ്. ഒരു സാധാരണക്കാരൻ മെഴുകുതിരിയാണെങ്കിൽ തപസുചെയ്താൽ അവന് സൂര്യനേപ്പോലെ ജ്വലിക്കാം. പക്ഷേഅതും ലോകത്തിന് സമർപ്പിക്കുന്നവരാണ് അമ്മയുടെ ദൃഷ്ടിയിൽ ശരിയായ തപസ്വി.
















