കല്‍പ്പറ്റ : സി.കെ.ശശീന്ദ്രന് നിയമസഭാസമാജികനായതോടെ പാര്‍ട്ടി വയനാട്ഘടകത്തെ ഇനി ആര് നയിക്കണമെന്നതില്‍ സി.പി.എമ്മില്‍ തീരൂമാനം വൈകുന്നു. ഈയിടെ പാ ര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സെക്രട്ടറിയറ്റ് അംഗങ്ങളായ വി.വി.ദക്ഷിണാമൂര്‍ത്തി, എളമരം കരീം എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലും അടുത്ത സെക്രട്ടറി ആരാകണമെന്നതില്‍ സമവായം ഉണ്ടായില്ല. കഴിഞ്ഞ മാസം വി.വി.ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും സെക്രട്ടറി വിഷയത്തില്‍ തീരുമാനമെടുക്കാനാകാതെ പിരിഞ്ഞ സാഹചര്യത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയടക്കം പങ്കെടുത്ത യോഗങ്ങള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്പറ്റ മണ്ഡലത്തില്‍ ജനവിധി തേടുന്നതിനു സിപിഎം സംസ്ഥാന നേതൃത്വം സി.കെ.ശശീന്ദ്രനെ നിയോഗിച്ചതിനു പിന്നാലെ ജില്ലാ സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും ദീര്‍ഘകാലമായി സിഐടിയു ജില്ലാ സെക്രട്ടറിയുമായ സി.ഭാസ്കരനു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശശീന്ദ്രന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. ഭാസ്കരനെ ജില്ലാ സെക്രട്ടറിയുടെ ചുമതലയില്‍നിന്നു നീക്കിയിട്ടുമില്ല. നിലവില്‍ പാര്‍ട്ടിക്ക് രണ്ട് അധികാരകേന്ദങ്ങളാണ് ജില്ലയില്‍.
700നടുത്ത് ബ്രാഞ്ച് കമ്മിറ്റികളും 52 ലോക്കല്‍ കമ്മിറ്റികളും ആറ് ഏരിയ കമ്മിറ്റികളുമാണ് സി.പി.എമ്മിനു വയനാട്ടില്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റില്‍ എട്ടും ജില്ലാ കമ്മിറ്റിയില്‍ 25-ഉം അംഗങ്ങളുണ്ട്. സി.കെ.ശശീന്ദ്രന് ഇത് മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറി പദത്തില്‍. 2009ല്‍ പനമരത്തു ചേര്‍ന്ന സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്.
മുന്‍ ജില്ലാസെക്രട്ടറി പി. എ.മുഹമ്മദ്, സി.ഭാസ്കരന്, കെ.വി.മോഹനന്, എ.എന്‍. പ്രഭാകരന്, വി.ഉഷാകുമാരി, എം.വേലായുധന്, കെ.ശശാങ്കന് എന്നിവരും അടങ്ങുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ്. ശശീന്ദ്രന് ഒഴിയുന്ന മുറയ്ക്ക് ബത്തേരിയില്‍നിന്നുള്ള ഭാസ്കരന് ജില്ലാ സെക്രട്ടറിയാകണമെന്ന അഭിപ്രായമാണ് സെക്രട്ടറിയറ്റ് അംഗങ്ങളില്‍ ഭൂരിപക്ഷത്തിനും. എന്നാല്‍ ഭാസ്കരന് ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്നതിനോട് ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ പലര്‍ക്കും യോജിപ്പില്ല. വെള്ളമുണ്ടയില്‍നിന്നുള്ള എ.എന്‍.പ്രഭാകരന് സെക്രട്ടറിയാകണമെന്ന നിലപാടാണ് ചിലര്‍ക്ക്. ബത്തേരി മുന്‍ എം.എല്‍.എയും കര്‍ഷകസംഘം നേതാവും ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി ചെയര്‍മാനുമായ പി.കൃഷ്ണപ്രസാദിനെ സെക്രട്ടറിയാക്കണമെന്ന അഭിപ്രായക്കാരും ജില്ലാ കമ്മിറ്റിയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് വി.വി.ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറിയറ്റും ജില്ലാകമ്മിറ്റിയും ചേര്‍ന്നത്. ജില്ലാകമ്മിറ്റി യോഗത്തില്‍ വൈത്തിരിയില്‍നിന്നുള്ള ഒരംഗം ഭാസ്കരന് ജില്ലാ സെക്രട്ടറിയാകുന്നതിലുള്ള വിയോജിപ്പ് രേഖാമൂലം അറിയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ട് സെക്രട്ടറിയറ്റ് അംഗങ്ങളും പങ്കെടുത്ത യോഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: