ആനക്കമ്പക്കാരുടെ മനസ്സില്‍ എന്നും കോളിളക്കവും നൊമ്പരങ്ങളും സൃഷ്ടിച്ച് കടന്നുപോയ കരിവീരനായിരുന്നു കിരങ്ങാട്ട് കേശവന്. പിന്നിട്ട പൂരവഴികളില്‍ പുരുഷാരവങ്ങള്‍ക്കു നടുവില്‍ തലയെടുപ്പോടെ നിവര്‍ന്നുനിന്ന കേശവന്, കൊലയുടെയും കണ്ണീരിന്റെയും ചതിയുടെയും ചോരപ്പാടുകള്‍ക്കിടയില്‍ അല്‍പ്പം സ്നേഹത്തിന്റെ കണ്ണിര്‍ച്ചാലുകള്‍ കീറിയാണ് കാലയവനികയിലേക്കു മറഞ്ഞത്.
മാതംഗലീലയില്‍ പറഞ്ഞുവെച്ച സൗന്ദരൃലക്ഷണങ്ങള് വേണ്ടുവോളമുള്ള കിരങ്ങാട്ടു കേശവനെ 1082 ല്‍ തൃശ്ശുരില്‍ ചേര്‍പ്പിലുള്ള കിരങ്ങാട്ടുമനയിലെ കാരണവരും വിഷവൈദ്യനുമായ അനിയന് നമ്പൂതിരിപ്പാട് 6000 രൂപയ്ക്കാണ് കഥകളിവേഷക്കാരനായ തോട്ടം പോറ്റിയില്‍ നിന്നും വാങ്ങിയത്. ആനയെ ഇല്ലത്ത് കൊണ്ടുവന്നപ്പോള്‍ ഐശ്വര്യമുണ്ടാകുമോ എന്നറിയാന്‍ കാരണവര്‍ ഒരു കുറിചേര്ന്നു. ആ കുറി കിട്ടുകയും ആ തുക കൊണ്ട് 800 പറ പാട്ടം കിട്ടുന്ന ഭുമി സ്വന്തമാക്കിയെന്നും ഒരു കഥയുണ്ട്. കേശവന്റെ വരവ് ഇല്ലത്തിന് പേരും പ്രശസ്തിയും പണവും നേടിക്കൊടുത്തെങ്കിലും അത്രയും തന്നെ മനസ്സമാധാനവും തിരുമേനിക്ക് നഷ്ടമായി.
പതിനേഴുപേരെ കിരങ്ങാട്ടുകേശവന്‍ വകവരുത്തിയെന്നു പറയപ്പെടുന്നുണ്ടെങ്കിലുംനാല് പേരെ മാത്രമാണ് കൊന്നതെന്ന് ഇല്ലക്കാര് പറയുന്നുണ്ട്. ആനയെ വിലക്കുവാങ്ങുന്നതിനുമുമ്പ് ആനക്കമ്പക്കാരനായ കാശുപട്ടരും ശാന്തിക്കാരനായ പോഴിച്ചുര് കൃഷ്ണന് നമ്പുതിരിയും ആനയെ പോയിക്കണ്ടിരുന്നു. കേശവന്റെ അപാരസൗന്ദര്യത്തില്‍ ഇരുവരും മതിമറന്നു. നിലത്തിഴഞ്ഞു നീണ്ടുകിടക്കുന്ന തുമ്പികൈയും വിരിഞ്ഞ കൊമ്പും ഉയര്‍ന്ന തലയെടുപ്പും ഭംഗിയുള്ള നില്പ്പുംകൊണ്ട് ഹരം പകര്‍ന്ന കേശവനുവേണ്ടി പിന്നിട് ഉല്‍സവക്കമ്മറ്റിക്കാര്‍ തമ്മില്‍ മത്സരമായിരുന്നു.
െതക്കന്‍ കൃഷ്ണന്, മുള്ളന്‍ ശങ്കരന് എന്നിവരായിരുന്നു കേശവന്റെ രണ്ടു പാപ്പാന്മാര്.ശാന്തിക്കാരനായ പോഴിച്ചുര് കൃഷ്ണന് നമ്പുതിരി ദിവസവും ക്ഷേത്രത്തില്‍ നിന്നും അവിലും ശര്‍ക്കരയും പായസവും നിവേദ്യച്ചോറും കദളിപ്പഴവുമൊക്കെ പാപ്പാന്മാരുടെ സഹായത്തോടുകൂടി കൊടുക്കാന്‍ തുടങ്ങി. ഒടുവില്‍ നമ്പുതിരിയും കേശവനും നല്ല ചങ്ങാതിമാരായി. പോഴിച്ചുര് അകലെനിന്ന് വരുന്നതുകാണുമ്പോഴെക്കും കേശവന് ചെവിയാട്ടി കൊമ്പുകുലുക്കി തന്റെ സ്നേഹം വിളിച്ചറിയിക്കും.
പതിനേഴുപേരെ കേശവന് കൊന്നുവെന്നു പറയപ്പെടുന്നുണ്ടെങ്കെിലും അതില്‍ പ്രധാനിയായ മുള്ളന്‍ കൃഷ്ണനെ തൃപ്രയാര്‍ പൂരം കഴിഞ്ഞ് നെറ്റിപ്പട്ടം അഴിക്കുന്നനേരത്താണ് മുകളില്‍നിന്നും തട്ടി താഴേക്കിട്ട് കുത്തിക്കൊന്നത്. മുള്ളന്‍ ശങ്കരനെയും ഗോവിന്ദന്, േവലു എന്നീ പാപ്പാന്മാരുടെയും ജിവന് അപഹരിച്ചത് ഇതുപോലെയൊക്കെ തന്നെയായിരുന്നു. ഓാരോ വട്ടവും ഇടഞ്ഞോടിയാല്‍ ആന ഇല്ലത്ത് മടങ്ങിയെത്തി മാവിന് ചുവട്ടില്‍ വന്നു നില്ക്കും. ഇത് കേശവന്റെ സവിശേഷമായ ഒരു സ്വഭാവമായി കരുതുന്നു. കേശവന് പാപ്പാന്മാരെ അനുസരിക്കാതെ ഇടഞ്ഞുനില്‍ക്കുമ്പോള്‍ പോഴിച്ചുര് നമ്പുതിരി വന്ന് ‘കേശവാ നീ ഒന്ന് അടങ്ങ് ’എന്നു സ്നേഹത്തോടു കൂടി പറയുമ്പോള്‍ കേശവന് ശാന്തനാകും. അല്ലാതെ വരുമ്പോള്‍ നമ്പൂതിരി വടിയുമായി അടിക്കാന്‍ ഓങ്ങിയാല് കേശവന് പേടിച്ചുവിറങ്ങലിച്ചുനില്ക്കും
ആരെങ്കിലും ക്ഷുഭിതനായി കടന്നുവരുമ്പോള്‍ കിരങ്ങാട്ടു കേശവന് മദിച്ചുവരുന്നപോലെ എന്നു പറയാറുണ്ട്. തൃശ്ശുര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി മാത്രമാണ് കേശവന് പങ്കെടുത്തിട്ടുള്ളത്. കേശവന് അവിടുത്തെ അടിയന്തിരക്കാരനായ പട്ടരാത്ത് ശങ്കരമാരാരെയും ചേര്‍ത്ത് ഒരു ഉപകഥ വേറെയുമുണ്ട്. ഇവര്‍ രണ്ടുപേരും പാറമേക്കാവ് ക്ഷേത്രനട മുറിഞ്ഞു കടന്നിട്ടില്ലത്രെ.
തൃശ്ശുര്‍ പൂരത്തിന് ഒരിക്കല്‍ പാപ്പാന്മാര് കൊമ്പുപിടിച്ചെഴുന്നള്ളിക്കുന്ന ആനയെ മാത്രം കൊണ്ടു വന്നാല്‍ മതി എന്ന് ഒരു മുന്‍കരുതലെന്നോണം മജിസ്ട്രേറ്റ് ഉത്തരവിട്ടു . അന്ന് തിരുവമ്പാടി വിഭാഗം കേശവനെ എഴുന്നള്ളിച്ചപ്പോള്‍ വേലു,ഗോവിന്ദന് എന്നീ രണ്ടു പാപ്പാന്മാര് കേശവന്റെ കൊമ്പു പിടിച്ചു നിന്നു. പൂരദിവസം കുഴപ്പമില്ലാതെ കേശവന് കഴിഞ്ഞുകൂടി. പൂരപ്പിറ്റേന്ന് പതിവുള്ള പകല്‍പ്പൂരത്തിന് കേശവനെ എഴുന്നെള്ളിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ ഗോവിന്ദന് എന്ന പാപ്പാനെ തട്ടി. തുടര്‍ന്നു പൂരം അവസാനിക്കുന്നതുവരെ പോഴിച്ചുര് നമ്പൂതിരി കേശവന്റെ കൊമ്പും തുമ്പിയും വട്ടനെ കൂട്ടിപ്പിടിച്ച് നല്ല വാക്കുപറഞ്ഞ് അടക്കിനിര്‍ത്തി പൂരം ഒരുകണക്കിനു കുഴപ്പമില്ലാതെ നടത്തിയതായി പറയപ്പെടുന്നു
െകാല്ലവര്‍ഷം 1113 ധനു മാസം വരിക്കാശേരി ഇല്ലത്തുവെച്ചാണ് കേശവന് ചെരിഞ്ഞത്. അകാലത്തില്‍ 43-ാം വയസ്സില്‍ ചെരിഞ്ഞ കേശവന്റെ ജീവിതം സംഭവബഹുലമായ സാഹസികത നിറഞ്ഞ ഒരു അധ്യായമായിരുന്നു. ആനക്കമ്പകാരെ അഗാധ ദു:ഖത്തിലും കണ്ണീരിലുമാഴ്ത്തിയാണ് കേശവന് കടന്നുപോയത് തന്റെ സ്നേഹിതനായ പോഴിച്ചുര് നമ്പൂതിരിയ്ക്ക് അഗാധമായ സ്നേഹം നല്കി കണ്ണിരിന്റെ നനവുള്ള ചരിത്രം എഴുതിവെച്ചുകൊണ്ടായിരുന്നു
കുസൃതിയും ഐശ്വര്യവും വേണ്ടുവോളം കേശവനില്‍ സമ്മേളിച്ചിരുന്നു,. കൂട്ടാനയെയും പാപ്പാനെയും ഒന്നു തട്ടിയിട്ട് ഒന്നുമറിയാത്ത കുട്ടിയെ പോലെ ഞാന്നൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു പറയുന്ന കുട്ടിയെ പ്പോലെ കുട്ടിത്തം കളിയാടിയിരുന്ന കേശവന് ആളുകളെ കൊല്ലുന്നവന് എന്ന ദുഷ്പ്പേരും കിട്ടി. കൊലകൊമ്പന്മാരാണ് കാലത്തിനുമപ്പുറത്തേക്ക് കഥയും കവിതയും ചരിത്രവുമായി കടന്നുചെല്ലുന്നത്. അതുകൊണ്ടുതന്നെയാകാം ആനക്കഥകള്‍ എന്നു കേള്‍ക്കുമ്പോള്‍ കിരങ്ങാട്ടുകേശവന്‍ ആദ്യം ഓടിയെത്തുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: