അയാളെ നമുക്ക് ഷാനി എന്നു വിളിക്കാം. കാസര്‍കോടുകാരനാണ്. മോഹം സിനിമയാണ്. മെലിഞ്ഞു നീണ്ട ശരീരം. തടി തോന്നിപ്പിക്കാന്‍ രണ്ടുമൂന്ന് ഡ്രസ്സുകള്‍ ഒന്നിച്ചിടും. കൈയില്‍ സ്റ്റീല്‍ വള, മറ്റ് ബ്രേസ് ലറ്റുകള്‍. കണ്ണില്‍ സുറുമ എഴുതും. ചിരിച്ചേ സംസാരിക്കൂ. എറണാകുളത്ത് ഞാന്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയിലെ സഹമുറിയനായിട്ടായിരുന്നു മൂപ്പരുടെ രംഗപ്രവേശം. അന്ന് ആള്‍ക്ക് ജോലി കുട്ടികള്‍ക്ക് കൊടുക്കുന്ന ബര്‍ത്ത്ഡേ ഗിഫ്റ്റ്(സോപ്പ്, പൗഡര്‍, ഉടുപ്പ്, വള തുടങ്ങിയവ) പാക്കറ്റ് കടകളില്‍ വില്പന നടത്തുകയാണ്. മതബോധത്തെക്കാളേറെ സ്വന്തം മതത്തെക്കുറിച്ചുള്ള അമിത വിശ്വാസം. ഗള്‍ഫില്‍ പോകാനായിരുന്നു താല്പര്യം. അതിനുമുമ്പ് ബന്ധു ബോംബെയില്‍ നിന്നുകൊണ്ടുവരുന്ന വസ്തുക്കള്‍ നാട്ടില്‍ കച്ചവടം നടത്തി നടന്നു. പിന്നെ, ബന്ധുവിന്റെ നിര്‍ദ്ദേശപ്രകാരം ബോംബെയിലേക്ക് വണ്ടി കയറി. ബോംബെയില്‍ ഹോട്ടലിലാണ് ആദ്യം ജോലി ചെയ്തത്. കാരണം ഭാഷ പഠിക്കാന്‍ നല്ലത് ഹോട്ടല്‍ പണിയാണെന്നാണ് മൂപ്പരുടെ പക്ഷം!.
എന്നും സിനിമ കമ്പവുമായി എറണാകുളത്തെത്തുമ്പോള്‍ ആദ്യ വിവാഹം അലസിപ്പിരിഞ്ഞിരുന്നു. സിനിമകളില്‍ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ വിതരണം ചെയ്യുന്ന ആളെപ്പോയി കണ്ടു. പ്രതിഫലം ഇരുന്നൂറ്റി അമ്പത് രൂപയും ‘ നിന്നുകഴിക്കാനോ’ ‘ മാറി ഇരുന്നു’ കഴിക്കാനോ ഉള്ള ഭക്ഷണവും!. അതില്‍ 50 രൂപ ഏജന്റിന് കൊടുക്കണം. സിനിമയില്‍ ആള്ക്കൂട്ടത്തിലെവിടെയെങ്കിലും ആകും. സിനിമയിലാണെന്ന് നിര്‍വൃതി കൊള്ളാം.!. സിനിമ-സീരിയല്‍ രംഗത്ത് അങ്ങനെ തന്നെയാണ് ഒരിക്കല്‍ എക്സ്ട്രാ വേഷത്തിനുപോയാല് എന്നും അയാള്‍ക്ക് ലഭിക്കുക എക്സ്ട്രാ വേഷം തന്നെയാകും. ഒരിക്കലും ഒരു നല്ല വേഷം കിട്ടാന്‍ സാധ്യതയില്ല. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ കണ്ടുചിലര്‍ കെഞ്ചും. ഒരു വേഷത്തിനുവേണ്ടി. ഒരുപക്ഷെ നല്ല നടനായിരിക്കാം. അങ്ങനെയിരിക്കുമ്പോഴാണ് എക്സ്ട്രയില്‍ കൂടിയ വേഷം ചിലപ്പോള്‍ കിട്ടുക. ചായക്കടക്കാരന്റെയോ ഷാപ്പുതൊഴിലാളിയുടേയോ അങ്ങനെ എന്തെങ്കിലും. പിന്നീട് അയാളുടെ കാര്യം തഥൈവ. അതില്‍ വേണ്ടവണ്ണം പെര്‍ഫോം ചെയ്തിട്ടുണ്ടാകാം നടന്. പറ്റിയതു തന്നെ. പിന്നീട് ചായക്കടക്കാരന്റേയോ മറ്റോ വേഷം വന്നാല്‍ ഈ നടന് ലഭിക്കും. ഒടുവില്‍ എന്നും ചായക്കടക്കാരനോ മറ്റാ ആയി അഭിനയിക്കാന്‍(?) മാത്രമാകും അയാളുടെ നിയോഗം. എക്സ്ട്രകളെപ്പോലെ തന്നെ.
എന്തായാലും ഷാഫിയുടെ സിനിമാ കമ്പമോ അഭിനയമോ ഒന്നുമല്ല എന്നെ ആകര്‍ഷിച്ചത്. ലോഡ്ജിലേക്കുള്ള വരവുതന്നെ ചില ബഹളത്തോടെയായിരുന്നു. പഴകി ദ്രവിച്ച മുറികളാണ് ലോഡ്ജിലുള്ളത്. അവിടേക്ക് ഇയാള്‍ ഒരലമാര, കസേര, ഷെല്‍ഫ് ഇതൊക്കെയായാണ് വരവ്.
ലോഡ്ജ് ഉടമ പറഞ്ഞു.’ ഇതൊന്നും ഇവിടെ കയറ്റാന്‍ പറ്റില്ല്’. ‘ കുറച്ച് കെട്ടുകള്‍ കൂടി വയ്ക്കാനുണ്ട്’ ഷാഫി.
ബര്‍ത്ത് ഡെ ഗിഫ്റ്റ് പായ്ക്കുകളായിരുന്നു അവ. ലോഡ്ജ് ഉടമയെ അത് വീണ്ടും അസ്വസ്ഥനാക്കി. ‘ കെട്ടില്‍ എന്താണെന്ന് ഞാന്‍ എങ്ങനെ അറിയും’.
‘ അത് ഗിഫ്റ്റ് ബോക്സുകളാ’. ‘ നിങ്ങള്‍ പറയുന്നതല്ലെ. അല്ലാ, ഗിഫ്റ്റ് ബോക്സ് തന്നെയാണെന്നിരിക്കട്ടെ. സെയില്‍സ് ടാക്സുകാരോ മറ്റോവന്ന് പിടികൂടിയാല്‍ ഞാന്‍ പ്രശ്നത്തിലാകും. ദേ, തന്ന അഡ്വാന്‍സ് തിരിച്ചുപിടിച്ചോ. റൂം ഇല്ല’.
‘ എന്നാ ഞാന്‍ കെട്ടൊന്നും വയ്ക്കുന്നില്ല. കസേരേം അലമാരേം കൊണ്ടുവരുന്നില്ല. പക്ഷെ ഈ ചെറിയ ഷെല്‍ഫ് വയ്ക്കാന്‍ പറ്റണം’. ഒന്ന് ആലോചിച്ച ശേഷം ലോഡ്ജ് ഉടമ അതിന് സമ്മതിച്ചു. അങ്ങനെ ഒരു കോംപ്രമൈസ് വാഗ്ദാനത്തിന് ശേഷമാണ് ഷാഫി റൂമിലേക്കുവരുന്നത്.
ഷാഫിയുടെ പ്രശ്നം എന്നും ഷെല്‍ഫ് ആയിരുന്നു. പുതിയതിന് ഒരു ആയിരമോ ആയിരത്തിയഞ്ഞൂറോ മതിപ്പുവില വരുന്ന ഷെല്‍ഫ്. പക്ഷെ, ഷാഫി എന്തുകൈവിട്ടാലും ഷെല്‍ഫ് കൈവിടില്ല. കുറച്ചുകാലത്തിനുശേഷം ഷാഫി ലോഡ്ജ് മാറി. അപ്പോഴും പുതിയ റൂം അന്വേഷിച്ചത് ഷെല്‍ഫ് വയ്ക്കാന്‍ ഇടം കിട്ടുമോ എന്നകാര്യമാണ്. കാസര്‍കോടേയ്ക്ക് ഇടയ്ക്ക് പോയി. കുറച്ചുകാലം നിന്നു. അപ്പോഴും കൂടെ ഷെല്‍ഫ്. തിരിച്ചുവന്നപ്പോഴും ഷെല്‍ഫ്.
ജനിച്ചപ്പോള്‍ ഷാഫിയുടെ കൂടെ ഉണ്ടായതാണോ ഷെല്‍ഫ് എന്ന് നമ്മള് സംശയിച്ചാല്‍ അത്രയ്ക്ക് അത്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ കാക്കനാട് താമസിക്കുന്നു. കൂടെ ഷെല്‍ഫുണ്ട്. പുതിയ മുറി അന്വേഷിക്കുന്നു. ഒരു പ്രധാന ആവശ്യം ഷെല്‍ഫ് വയ്ക്കൂവാന്‍ കൂടി ഇടം കിട്ടണം. ഈ ഷെല്‍ഫ് കാരണം ഉണ്ടായ പ്രശ്നങ്ങള്‍ ഏറെ.
ഞാന്‍ അനുജനെപ്പോലെ കരുതുന്ന എന്റെ സുഹൃത്ത് ശ്രീകുമാറാണ് താന്നിപ്പിള്ളി നമ്പൂതിരിപ്പാടിനെക്കുറിച്ച് പറഞ്ഞത്. പരീക്ഷിത്തുതമ്പുരാന്റെ സതീര്ത്ഥ്യനായിരുന്നുവത്രെ താന്നിപ്പിള്ളി നമ്പൂതിരിപ്പാട്. വൈദികനായിരുന്ന അദ്ദേഹം യാത്രയിലൊക്കെ ഒരു നീളമുള്ള വടിയും കൊണ്ടുനടക്കാറുണ്ടായിരുന്നു പോലും. വടിയുടെ അറ്റത്ത് റാന്തലും മറ്റും അദ്ദേഹം തൂക്കിയിടും. വടിയില്ലാതെ അദ്ദേഹത്തെ പുറത്തുകാണാന്‍ കഴിയില്ലത്രെ!.
ഷാഫിക്കുശേഷം മുറിയിലേക്കുവന്ന ‘വള്ളി െപ്പാട്ടി’ എന്ന പേരിലറിയപ്പെടുന്ന അനിലും ഇതേപോലൊരു ശീലക്കാരനായിരുന്നു. ആരോഗ്യത്തെക്കുറിച്ചാണ് അനിലിന്റെ ഏറ്റവും വലിയ ചിന്തയും ആകാംക്ഷയും. ആരോഗ്യത്തിനുവേണ്ടിയാണെന്ന് പറഞ്ഞ് ആര് എന്തുപറഞ്ഞാലും മേലും കീഴും നോക്കാതെ ചെയ്യുന്ന പ്രകൃതക്കാരന്. മുപ്പത്തിരണ്ടുകാരന് കൊല്ലംകാരനാണ്. പെട്ടിയില്‍ കൊണ്ടുനടക്കുന്നത് പമ്പിങ് കട്ട. വ്യായാമം ചെയ്യാന്‍ വേണ്ടി. കേരളത്തില്‍ എന്നല്ല ഭാരതത്തിലെവിടെപ്പോയാലും പമ്പിങ് കട്ട കൂടെക്കൊണ്ടുപോകും. ആതിലാണ് അയാളുടെ ആരോഗ്യത്തിന്റെ രഹസ്യം!.
ക്രിമിനോളജിയെക്കുറിച്ച് പറയുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയും. ഓരോ കുറ്റവാളിയ്ക്കും കുറ്റം ചെയ്യുന്നതിനും മറ്റും ചില രീതിയുണ്ടത്രെ. അതില്‍ നിന്നവര്‍ മോചിതരാകില്ല എന്ന്. അതുകൊണ്ടുതന്നെ കുറ്റം ചെയ്ത രീതി കാണുമ്പോള്‍ തന്നെ കുറ്റവാളിയെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നു.
സാഹിത്യത്തിലും സിനിമയിലുമൊക്കെ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ വ്യതിരിക്ത വ്യക്തിത്വങ്ങളെ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ചില മാനറിസങ്ങള്ക്കൂടി നല്‍കാറുണ്ട്. കഥാപാത്ര നിര്‍മാണത്തില്‍ മാനറിസങ്ങള്‍ പ്രധാനമാകുന്നതും അതുകൊണ്ടുതന്നെ.
പലനാള്‍ പാലിക്കപ്പെടുന്നത് ശീലമായിത്തീരുന്നു. ശീലം സ്വഭാവമായും പിന്നീടത് സംസ്കാരമായും തീരുന്നു. അതുകൊണ്ടുതന്നെ നല്ല ശീലങ്ങള്‍ പാലിക്കാന്‍ പറയുന്നത് നല്ല സംസ്കാരമുള്ളവരായിത്തീരാന് വേണ്ടിത്തന്നെയാണ്.
നമ്മളെല്ലാവരും പലതരം ശീലങ്ങളില്പ്പെട്ടവരായിരിക്കും. അതുകൊണ്ടുതന്നെ പലതരം സംസ്കാരങ്ങളും പ്രകടിപ്പിച്ചു എന്നും വരാം. ഇതെല്ലാം ശീലവും സംസ്കാരവും തമ്മിലുള്ള കാര്യങ്ങള്‍. പക്ഷെ, ചില വസ്തുക്കളോടുള്ള അമിതഭ്രമം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് അറിയുന്നില്ല എന്നുമാത്രം. ചില കടപ്പാടുകള്‍ അടിമത്തമായിത്തീരും പോലെ. തോണി വേണം പുഴകടക്കാന്‍. പുഴ കടന്നുകഴിഞ്ഞാലും തോണിയാണ് പുഴകടക്കാന്‍ എന്നെ സഹായിച്ചത് എന്ന ഓര്‍മ്മയും നന്ന്. പക്ഷെ, അതുകൊണ്ട് തോണിയും ചുമന്ന് എല്ലാ സ്ഥലത്തും നടക്കാന്‍ തുടങ്ങിയാലോ?!.
പിന്നീടൊരിക്കല്‍, സഹമുറിയനായ ആള് വന്നത് ആലപ്പുഴയില്‍ നിന്നായിരുന്നു. കാഴ്ചയില്‍ത്തന്നെ വശപ്പിശക് തോന്നിക്കുന്ന പ്രകൃതം.
ഏതോ മെഡിക്കല്‍ ഷോപ്പില്‍ സെയില്‍സ് മാനായി ജോലി നോക്കുന്നു. എനിക്ക് പകല്‍ മാത്രമേ റൂമിന്റെ ആവശ്യമുള്ളൂ. ആര്‍ക്കെങ്കിലും വന്നുകാണാനുള്ള ഒരിടം. എഴുതാനും വായിക്കാനും ഉള്ള സ്ഥലം. പിന്നെ വല്ലപ്പോഴും യാത്രകഴിഞ്ഞ് രാത്രി വൈകി എത്തിയാല്‍ കിടക്കാനും കഴിയണം. അേത്ര വേണ്ടൂ. അതുകൊണ്ടുതന്നെ സന്ധ്യ കഴിയുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് യാത്രയാകുമായിരുന്നു. പിറ്റേന്ന് രാവിലെ എത്തും. അപ്പോഴേക്കും സെയില്സ്മാന് പോയിട്ടുണ്ടാകും. ഞാന്‍ വീട്ടിലേക്കുപോയിക്കഴിയുമ്പോഴാണ് സെയില്‍സ്മാന്റെ റൂമിലേക്കുള്ള വരവ്. ഒഴിവുദിനങ്ങളില്‍ അയാളാണെങ്കില്‍ വീട്ടില്‍ പോയിട്ടും ഉണ്ടാകും. കാണുന്നത് വിരളം.
ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ എെന്ന കാണാന്‍ വേണ്ടിത്തന്നെ അയാള്‍ ലീവ് എടുത്തിരിക്കുകയാണ്.
‘ സാറിനെ കാണാന്‍ ഞാന്‍ അവധി എടുത്തിരിക്കുകയാണ്’.
‘ ശരി, എന്താ കാര്യം’
‘ ഞാന്‍ മിക്കവാറും റൂം ഒഴിയും’
‘ നാട്ടിലെന്താ, ജോലി ശരിയായോ’ ഞാന്‍ ചോദിച്ചു. ‘ അതല്ല’.
‘ പിന്നെ’. ‘ ഒരുമുറിയില്‍ രണ്ടുപേരുണ്ട് എന്നറിഞ്ഞിട്ടാ ഞാന്‍ ഇവിടെ താമസിക്കാന്‍ തയ്യാറായത്. എന്നിട്ടിപ്പോ…’
‘ രണ്ടുപേരുണ്ടല്ലോ’
‘ അതല്ല, സാര്‍ രാത്രി വീട്ടിേലക്ക് പോകില്ലെ’
‘ അതിനെന്താ’
കുറച്ചുസമയം അയാള്‍ മൗനമായി ഇരുന്നു.
പിന്നെപ്പറഞ്ഞു. ‘ എനിക്കുഭയമാണ്. രാത്രി ഒറ്റക്കുകിടക്കാന്‍ പേടിയാ സാറെ’
അപ്പോഴാണ് അയാളെ ഞാന്‍ ശ്രദ്ധിച്ചുനോക്കിയത്. മുഖത്ത് വെട്ടിന്റേയും മറ്റും കലകള്‍. മടക്കിക്കുത്തിയിരുന്ന അയാളുടെ കാലുകളിലും മുറിവിന്റെ പാടുകള്‍.
എന്റെ ശ്രദ്ധ തിരിയുന്നതുകണ്ടപ്പോള് ഒരു വല്ലായ്മയോടെ മടക്കിക്കുത്ത് അയാള്‍ അഴിച്ചിട്ടു.
അയാള്‍, അയാളെക്കുറിച്ച് പറഞ്ഞു.
‘ ഞാനിപ്പോ ഒരു സംഘടനയിലെ മെമ്പറാ. സംഘടനയുടെ പേര് അയാള്‍ പറഞ്ഞു. ഒരു തീവ്രവാദ മുസ്ലിം സംഘടന.!
‘ നല്ല സംഘടനയാ സാറെ. മുസ്ലിം ഒന്നും ആകണമെന്നില്ല, സാറിനും സംഘടനയില്‍ ചേരാം. സാറിനെപ്പോലുള്ളവര്‍ സംഘടനയില്‍ എത്തിയാല്‍ നല്ലൊരു സ്ഥാനവും സാറിന് തരും’.
ഞാന്‍ അര്‍ത്ഥരഹിതമായി പുഞ്ചിരിച്ചു.
‘ ഞാനൊക്കെ കള്ളും കഞ്ചാവുമായി അലമ്പുപിടിച്ചു നടന്നിരുന്നതാ സാറെ. സംഘടനയില്‍ വന്നതില്‍പ്പിന്നെ ഒരു ചെറുബീഡിപോലും വലിച്ചിട്ടില്ല. എന്റെ സ്വഭാവം പാടെ മാറിപ്പോയി.
‘ അതുശരി. പിന്നെ എന്താണീ പാടുകളൊക്കെ’
മുഖത്തെ പാടുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
‘ അതുചില ചില്ലറ അടിപിടീം വെട്ടും കുത്തുമൊക്കെ- കുറച്ചുകേസുണ്ട്. എല്ലാം സംഘടന നോക്കും’.
” ഓഹോ അതുശരി…മദ്യപാനവും പുകവലീം നിര്‍ത്തി വെട്ടുംകുത്തുമായി അല്ലെ. ആദ്യത്തേത് നിങ്ങളേയും കുടുംബത്തേയുമാണ് നശിപ്പിച്ചിരുന്നത്. ഇപ്പോ നിങ്ങള്‍ സമൂഹത്തേയും നശിപ്പിക്കാന്‍ തുടങ്ങിയല്ലേ’
എന്റെ സംസാരം അയാള്‍ക്കത്ര പിടിച്ചില്ല.
‘ ഞാന്‍ ഇതുംകൊണ്ടാ സാറെ നടക്കുന്നത്. ടോയ്ലറ്റില് പോകുമ്പോഴും കുളിക്കാന്‍ പോകുമ്പോഴും ഞാനിത് കൈയില്‍ കരുതാതിരിക്കില്ല’.
തലയിണച്ചോട്ടില്‍ നിന്ന് ആയാള്‍ ഒരു ചെറിയ വടിവാള്‍ എടുത്തുകാണിച്ചു.
‘ ഞാനിപ്പോള്‍ എന്തുവേണം’. ‘ എനിക്ക് ഭയമാണ്. രാത്രി സാറ് തങ്ങിയാല്‍ എനിക്കിവിടെ തുടരാം. ഇല്ലെങ്കില്‍ ഞാന്‍ റൂം വിടും സാറെ..എങ്ങനാ…’
‘ നിങ്ങളുടെ ഭയം മാറ്റാന്‍ എനിക്കിവിടെ തങ്ങാന്‍ കഴിയില്ലല്ലോ ചങ്ങാതി’. അയാളുടെ ഭയകാരണം എനിക്കു മനസ്സിലായി. ഞാന്‍ തീര്‍ത്തു പറഞ്ഞു.
ഓരോ ദ്രോഹവും അയാള്ക്കുനല്കിയത് ഭയമായിരുന്നു. ഭയത്തില്‍ നിന്നും രക്ഷപെടാന്‍ അയാള്‍ വടിവാളുമായി നടക്കുന്നു. എന്നിട്ടോ വീണ്ടും ഭയക്കുന്നു.
അയാളുടെ രക്ഷ, അയാളുടെ മനസ്സിലും പ്രവൃത്തിയിലുമല്ലെ വേണ്ടത്.
ഇങ്ങനേയും എന്തൊക്കെ വസ്തുക്കളോട് എന്തൊക്കെ കാരണങ്ങളാല്‍ അഡിക്ഷനാകുന്നു.
സോഫോക്ലീസിന്റെ ‘ ഗോദയെക്കാത്ത്’ എന്ന നാടകത്തില്‍ പറയുന്നു. ‘ ഓരോ മനുഷ്യനും ജനിക്കുന്നത് അവന്റെ കുരിശുമായിട്ടാണ്’ എന്ന്.!. പക്ഷെ, ഇവിടെ ജീവിതത്തില്‍ കുരിശുകള്‍ സൃഷ്ടിക്കപ്പെടുന്നവരാണ് പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: