പാലക്കാട്: പുതുശ്ശേരി പഞ്ചായത്തില്‍ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ (ഇമേജ്) പ്രതിഷേധം ശക്തമായി. മതിയായ രേഖകളില്ലാതെ പുതുശ്ശേരി പഞ്ചായത്തിനെ സ്വാധീനിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് അടച്ചുപൂട്ടുന്നതിന് മുഖ്യമന്ത്രി അടിയന്തിരിമായി ഇടപെടണമെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൊത്തം ആശുപത്രികളിലെ മാലിന്യം മലമ്പുഴ ഡാമിനരികിലുള്ള പ്ലാന്റില്‍ സംസ്കരിക്കുന്നത് ഗുരുതരമായ ആരോഗ്യ ഭവിഷ്യത്തുകള്‍ക്കിടവരുത്തും. സംസ്ഥാനത്തെ ഏഴായിരത്തിലധികം ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെയെത്തുന്നത്. മതിയായ രേഖകളില്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു.
ആശുപത്രികളില്‍ നിന്നുള്ള ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ജിക്കല്‍ വേസ്റ്റുകള്‍, സിറിഞ്ചുകള്‍, മരുന്ന് കുപ്പികള്‍, ഗ്ലൂക്കോസ് കുപ്പികള്‍, പ്ലാസന്റ, പഞ്ഞികള്‍, തുണികള്‍ ഉള്‍പ്പെടയുള്ളവയാണ് സംസ്ക്കരണത്തിനായി ഇവിടെയെത്തുന്നത്. വിവിധ നിറങ്ങളിലുള്ള കവറുകളിലാണ് ആശുപത്രി മാലിന്യങ്ങള്‍ തരംതിരിച്ച് എത്തുന്നത്. ഇവ അതാതുദിവസങ്ങളില്‍ തന്നെ സംസ്ക്കരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ടണ്‍കണക്കിന് എത്തുന്ന മാലിന്യങ്ങള്‍ സംസ്ക്കാരിക്കാനുള്ള ശേഷി ഇവിടെയില്ലെന്നതാണ് സത്യം.
അഞ്ച് ഇന്സിനേറ്റേഴ്സാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ടണ്‍കണക്കിനു വരുന്ന മാലിന്യങ്ങള്‍ അതാതുദിവസം തന്നെ സംസ്ക്കരിക്കാനുള്ള ശേഷി ഇവയ്ക്ക് ഇല്ലെന്നു പറയുന്നു. 25 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നതെങ്കിലും ഇവിടെ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പ്ലാന്റിനകത്ത് രക്തക്കറകളും മാലിന്യത്തില്‍ നിന്നുള്ള വെള്ളം ഒലിക്കുന്നതും കാണാവുന്നതാണ്. ബാരലുകളില്‍ വേസ്റ്റുകള്‍ നിറഞ്ഞത് മൂലം തറയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യങ്ങള്കത്തിച്ച ശേഷമുള്ള ചാരവും ചാക്കുകളില്‍ നിറച്ചുവച്ചിട്ടുണ്ട്.
ഇമേജിന്റെ തലക്കെട്ടില്‍ ഇക്കോ ഫ്രണ്ട്ലി എന്നു പറയുന്നുണ്ടെങ്കിലും നേരെ മറിച്ചാണ് ഇവിടെത്തെ അവസ്ഥ. ടണ്‍കണക്കിന് സിറിഞ്ചുകളും, കുപ്പികളും, രക്തപരിശോധനക്ക് ഉപയോഗിച്ച ട്യൂബുകളും മറ്റും അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുകയാണ്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ കാലില്‍ കുത്തിക്കയറാനും സാധ്യതയുണ്ട്. ഇവ നിറച്ചുവച്ചിരിക്കുന്ന ചാക്കുകള്‍ പലതും ദ്രവിച്ചുപോയി. മഴപെയ്താല്‍ ഇവ വെള്ളത്തിലൂടെ ഒലിച്ചിറങ്ങി നേരെ മലമ്പുഴഡാമിലേക്കാണ് എത്തുക. നീഡില്പിറ്റുകള് ഉണ്ടെങ്കിലും ഇത്രയധികം സംഭരിക്കാനുള്ള ശേഷി അവയ്ക്കില്ല. കാക്കകള്‍ ചാക്കുകളില്‍ നിന്ന് മാലിന്യങ്ങള്‍ കൊത്തിവലിച്ച് തൊട്ടടുത്തുള്ള വീടുകളിലും വെള്ളത്തിലും കൊണ്ടിടാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം മൂന്നുറോളം ജീവനക്കാരാണ് പ്ലാന്റില്‍ ജോലിയെടുക്കുന്നത്. എന്നാല്‍ ഇവരുടെ സുരക്ഷക്കായുള്ള യാതൊരുവിധ സംവിധാനങ്ങളും ഇല്ല എന്നതാണ് സത്യം. മാലിന്യങ്ങള്‍ തരംതരിക്കുന്ന ജോലികളിലാണ് സ്ത്രീകള്‍ ഏറെയുള്ളത്. സിറിഞ്ചുകളില്‍ നിന്ന് സൂചികള്‍ വേര്‍തിരിച്ചെടുക്കുകയും, രക്തംപരിശോധിച്ച കുപ്പികള്‍ വൃത്തിയാക്കുക എന്നിവയുള്‍പ്പെടയുള്ള ഏറെ അപകടം നിറഞ്ഞ പണികളാണ് ഇവര്‍ചെയ്യുന്നത്. എന്നാല്‍ ഇതിന് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത് സാധാരണ ഉപയോഗിക്കുന്ന സര്‍ജ്ജിക്കല്‍ ഗ്ലൗസുകളാണ്. ചിലര്‍ക്കു മാത്രമാണ് റബ്ബര്‍ ബൂട്ട്സുകള്‍ നല്‍കിയിട്ടുള്ളത്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്താറുള്ളതെന്നും പറയുന്നു.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ കപ്പാസിറ്റിയുടെ നാലും അഞ്ചും ഇരട്ടി മാലിന്യങ്ങള്‍ കേന്ദ്രത്തില്‍ കെട്ടികിടക്കുന്നതിനാല്‍ അത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ കണ്ണാടി, കല്‍പ്പാത്തി പുഴകളിലൂടെ ഭാരതപ്പുഴയിലാണ് എത്തുന്നതെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ഇമേജ് പ്ലാന്റ് അടച്ചുപൂട്ടണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ആരോഗ്യത്തെ ഇതു ബാധിക്കുമെന്നും അവര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ മണ്ഡലത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും യാതൊരുവിധ നടപടികളുമില്ല. ഈ യൂണിറ്റിനെതിരെ തദ്ദേശവാസികളായ കര്‍ഷകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലിനജലംമൂലം കൃഷിനാശം സംഭവിച്ചതായും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് 2015ല്‍ ഉത്തരവിട്ടിരുന്നു. എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിലെ വെള്ളം എല്ലാമാസവും പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇതുവരെ യാതൊരു പരിശേധനയും നടന്നിട്ടില്ല.
എം.ബി.രാജേഷ് എംപി, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവര്‍ ഇത്രയും ഭീതിജനകമായ പ്രശ്നം ഏറ്റെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. ജനങ്ങളുടെ ജീവനുഭീഷണിയായ ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശോഭാസുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന് രക്ഷാധികാരിയായും പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ എസ്.പി.അച്ചുതാനന്ദന് ചെയര്‍മാനായും, മുരളി കണ്‍വീനറായും സേവ് എര്‍ത്ത് ആന്റ് ലൈഫ് ഫൗണ്ടേഷന് എന്ന സമരസമിതിക്ക് രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: