പാലക്കാട്: കാട്ടന ശല്യം നേരിടുന്നതിന് രണ്ട് മാസത്തിനകം 49 കിലോമീറ്റര്‍ ദൂരത്തില്‍ സാരോര്‍ജ വേലി സ്ഥാപിക്കും. പുതുശ്ശേരി കഞ്ചിക്കോട് ഭാഗങ്ങളിലെ ആനശല്യം നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാലക്കാട് എം പി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. റാപ്പിഡ് റെസ്പോണ്സിബില് ടീം (ആര് ആര് റ്റി) ന് ആവശ്യമായ വാഹനം എം പി ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനെക്കുറിച്ച് പരിഗണന നല്‍കുമെന്നും ആനകളെ തുരത്തുന്നതിന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളും. കാട്ടാന ശല്യത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കൃഷിനാശത്തിന് ലഭിക്കുന്ന നഷ്ടപരിഹാര തുകയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും എം പി അറിയിച്ചു.
സൗരോര്‍ജ്ജ വേലികളുടെ തുടര്‍ച്ചയായ പരിശോധനകള്‍ക്ക് വയനാട് മാതൃകയില്‍ വനം വകുപ്പും, വനം സംരക്ഷണ സമിതി, തദ്ദേശ സ്വയം ഭരണ സമിതി അംഗങ്ങള്‍ സംയുക്തമായി സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും യോഗത്തില്‍ ധാരണയായി. റെയില്‍വേ ലൈന്‍ കടന്ന് പോകുന്ന ഇടങ്ങള്ക്കരുകിലെ കിടങ്ങ് കുഴിക്കുവാന്‍ വനം വകുപ്പ് പരിശോധന നടത്തി റെയില്‍വേക്ക് അനുമതി നല്‍കും. ജില്ലാ പ്ലാനിംങ് കമ്മിറ്റിയുടെ അടുത്ത യോഗത്തിന് മുമ്പായി സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന ഫണ്ടിനെക്കുറിച്ചുള്ള പ്രൊജക്റ്റ് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ കാര്ത്തികേയന്, റെയില്‍വെ സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ പി നന്ദലാല്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ , കര്‍ഷക പ്രതിനിധികള്‍ , പാടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: