ആലത്തൂര്‍: മാലിന്യവും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലായ്മയും മൂലം ആലത്തൂര്‍ ടൗണ്‍ വീര്‍പ്പ്മുട്ടുന്നു. മഴ പെയ്തതോടെ മതിയായ സൗകര്യമില്ലാത്ത ഓടകളില്‍ നിന്ന് മലിനജലം റോഡ് നിറഞ്ഞ് കാലനട യാത്രക്കാരും വാഹനങ്ങളും ദുരിതമനുഭവിക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുകയും കുന്നുകൂട്ടുകയും ചെയ്യുന്ന മാലിന്യവും ടൗണ്‍ നിറയുകയാണ്. പാര്ക്കിങ്ങ സ്ഥലമില്ലാത്തതിനാല്‍ വാഹനങ്ങള്‍ റോഡില്‍ വീര്‍പ്പ് മുട്ടുകയാണ്.
കോര്‍ട്ട് റോഡിലെ ഫുട്പാത്തും കഴിഞ്ഞ് വീതിയുള്ള ഭാഗങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്പ്പെടുത്തുന്നതിനുകഴിഞ്ഞ ട്രാഫിക് റഗുലേറ്ററി യോഗം തീരുമാനിച്ചു. ഫുട്പാത്ത് കഴിഞ്ഞ് സ്വകാര്യ വ്യക്തിയുടെ വീതിയുള്ള സ്ഥലങ്ങളില്‍ പേ പാര്‍ക്കിങ് സൗകര്യമോ അതല്ലെങ്കില്‍ പഞ്ചായത്ത് നികുതി ഒഴിവാക്കി പാര്‍ക്കിങ്ങിന് അവരെ പ്രോല്സാഹിപ്പിക്കാനുമായിരുന്നു തീരുമാനം.
എന്നാല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കാനും പഞ്ചായത്ത് പൂര്‍ണമായും നികുതി ഒഴിവാക്കി നല്കി അവര്‍ക്ക് ഒരു വരുമാന മാര്‍ഗം കൂടി ഉറപ്പിച്ചിട്ടും അതിനുള്ള സ്ഥലം ഒരുക്കാന്‍ ആരും തയാറായി വന്നില്ല. മാത്രമല്ല ടൗണില്‍ പാര്‍ക്കിങ്ങിന് വിസ്തൃതിയുള്ള സ്ഥല ലഭ്യതയും ഇല്ലായിരുന്നു.
കോടതി മതിലിനോടു ചേര്‍ന്നുള്ള പഞ്ചായത്തിന്റെ സ്ഥലത്ത് ചെറിയ തോതില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അനുമതി നല്കാന് തീരുമാനിച്ചെങ്കിലും കോടതി അടുത്തുള്ളതുകൊണ്ട് ആ ആലോചനയും ഫലവത്തായില്ല. പഞ്ചായത്ത് സ്ഥലത്തിനോടു ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമസ്ഥന് ഓട്ടോറിക്ഷ ഇവിടെ പാര്‍ക്ക് ചെയ്യുന്നതു തടഞ്ഞു കൊണ്ട് കോടതി ഉത്തരവ് സമ്പാദിച്ചതായി പൊലീസ് അറിയിച്ചു. ഇവിടെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പൊലീസ് ഇടപെട്ട് അവിടെ നിന്നു മാറ്റിയിടാന്‍ നിര്‍ദേശം നല്‍കുന്നതും പതിവായി.
പോലീസ് ക്വാര്‍ട്ടേഴ്സിന്റെ സമീപമുള്ള സ്ഥലത്ത് പാര്‍ക്കിങ് സൗകര്യം നല്‍കുന്നതിനുള്ള തീരുമാനം എടുത്തിരുന്നതും നടപ്പായില്ല.സ്വാതി തിയറ്ററിനു സമീപമുള്ള സ്ഥലവും ഇതിനു വേണ്ടി തീരുമാനമെടുത്തതും യാഥാര്‍ഥ്യമായില്ല. കോര്‍ട്ട്റോഡില്‍ താലൂക്ക് ഓഫിസിനു മുന്‍ഭാഗത്തെ തിരക്ക് ഒഴിവാക്കാന്‍ അവിടെനിന്നു ബസ് സ്റ്റോപ്പ് ദേശീയ മൈതാനത്തോട് ചേര്‍ന്ന് ഗേള്‍സ് സ്കൂളിലേക്കുള്ള ലിങ്ക് റോഡിലേക്കു മാറ്റാന്‍ വരെ ആലോചിച്ചിരുന്നു.തീരുമാനങ്ങള്‍ പലതും അപ്രായോഗികമായിരുന്നു.
ഉചിതമായതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പ്രയത്നവും ഇല്ലാതെ പോയി. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അങ്ങോട്ടുള്ള ശ്രദ്ധയും ഇല്ലാതായി. പഞ്ചായത്തുകളില്‍ പുതിയ ഭരണസമിതി വന്നു. റഗുലേറ്ററി കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. പുതിയ കമ്മിറ്റിയുടെ മുന്‍പാകെ ഈ തീരുമാനങ്ങളെല്ലാം നടപ്പാക്കാനായി വന്നാല്‍ എന്ത് പ്രതികരണമാണ് ഉണ്ടാവുകയെന്നതാണു ജനങ്ങളുടെ ആശങ്ക. കോര്‍ട്ട് റോഡില്‍ വിവിധ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ വാഹനങ്ങളില്‍നിന്ന് ഇറങ്ങിയാല്‍ അവര്‍ മടങ്ങിവരുന്നതു വരെ പാതയരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു ഗതാഗതകുരുക്ക് ഉണ്ടാക്കുന്നുണ്ടെന്നാണു മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ അഭിപ്രായം.
അതുപോലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കുകളിറക്കുമ്പോള് ഇടവിട്ട ദിവസങ്ങളില്‍ ഓരോ വശത്തേക്ക് ഇറക്കണമെന്നും ഒരു വശത്തിറക്കുമ്പോള് മറു വശത്ത് പാര്‍ക്കിങ് അനുവദിക്കാതിരിക്കണമെന്നും അങ്ങനെ വരുമ്പോള്‍ ഒരു പരിധിവരെ വാഹനകുരുക്കിനു പരിഹാരം ഉണ്ടാകുമെന്നും എംവിഐ അഭിപ്രായപ്പെട്ടു. ഇത് പാലക്കാട് വലിയങ്ങാടിയില്‍ പരീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ക്കു കയറ്റിറക്ക് നടത്താനുള്ള പാര്‍ക്കിങ് സൗകര്യം ഇതു മൂലം ലഭ്യമാവും.
കോര്‍ട്ട് റോഡില്‍ ഏറ്റവും കൂടുതല്‍ വാഹനകുരുക്ക് അനുഭവപ്പെടുന്നതു പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ മുന്‍ഭാഗത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: