കോഴിക്കോട്: കടലില്‍ കണ്ടെത്തിയ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം കാണാതായ മകള്‍ അയിഷ ഷെഹ്‌റിന്(2) വേണ്ടി കടലില്‍ തിരച്ചില്‍ തുടരുന്നു. പയ്യാനക്കല്‍ സ്വദേശി ‘ബൈത്തുര്‍ ബര്‍ക്കത്തലി’യില്‍ ഹുസൈനിന്റെ മകളും പാവമണി റോഡിലെ ചുമട്ടുതൊഴിലാളിയായ ഷഫീക്കിന്റെ ഭാര്യയുമായ ജീനത്ത് അമന്‍(24) ,മൂന്നര വയസ്സുകാരനായ മകന്‍ സല്‍മാന്‍ ഫായിഖ് എന്നിവരുടെ മൃതദേഹങ്ങളാണ് കടലില്‍ കണ്ടെത്തിയത്.മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഭവദിവസം തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് ഇന്നലേയും തിരച്ചില്‍ നടത്തിയത്.
കോഴിക്കോട് ബീച്ചിലുളള ലയണ്‍സ് പാര്‍ക്കിനും തൊട്ടടുത്തുളള പുളിമുട്ടിനും സമീപത്തുളള കടലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആണ്‍കുട്ടിയെ സ്‌കൂളില്‍ വിടുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ജീനത്ത് കുട്ടികളുമായി വീട് വിട്ടിറങ്ങിത്തിരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഷഫീഖ് മാസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി നഗരത്തില്‍ ചുമട്ടുതൊഴിലാളിയായത്. ഷഫീഖ് സീനത്തിന്റെ വീട്ടില്‍ തന്നെയാണ് താമസം.
















