കെ.യു.അരുണ്‍
കോഴിക്കോട്: കടലാക്രമണം രൂക്ഷമായതോടെ സ്വന്തം വീട്ടില്‍ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി അന്തിയുറങ്ങാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ് ശാന്തിനഗര്‍ കോളനി പുത്തന്‍പുരയില്‍ മിനി എന്ന വീട്ടമ്മ. മഴ കനത്തതോടുകൂടി ശക്തമായ കടലാക്രമണമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കടല്‍ ഭിത്തിയില്ലാത്തതാണ് മിനിയുടെ വീട്ടില്‍ വെള്ളം കയറാന്‍ കാരണം.
നാല്‍പ്പത്തഞ്ച് വര്‍ഷം മുമ്പാണ് മിനിയും കുടുംബവും ശാന്തിനഗര്‍ കോളനിയില്‍ താമസം ആരംഭിച്ചത്. ഓലപ്പുരയിലായിരുന്നു താമസം. കടലാക്രമണം രൂക്ഷമായാല്‍ കടല്‍ ഭിത്തിയില്ലാത്തതിനാല്‍ കോളനിയിലെ മിക്ക വീടുകളിലും അന്ന് വെള്ളം കയറുമായിരുന്നു. നിരവധി മരണങ്ങളും അന്ന് സംഭവിച്ചിട്ടുണ്ട്. ഏറെ കാത്തിരിപ്പിനൊടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് കോളനിയുടെ സ്വപ്നമായ കടല്‍ഭിത്തി സാക്ഷാത്കരിച്ചത്. എന്നാല്‍ കോളനി അവസാനിക്കുന്നിടത്തെ മിനിയുടെ വീടിനു മുന്‍വശം എത്തുന്നതിനു മുമ്പ് ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികൃതര്‍ മടങ്ങി. കടല്‍ പ്രക്ഷുബ്ധമായാല്‍ മിക്ക ദിവസങ്ങളിലും മിനിയുടെയും, അയല്‍വാസി ദീപയുടെയും വീട്ടില്‍ വെളളം കയറുക പതിവാണ്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളായ ജൈസി, ഡൈസി എന്നീ പെണ്‍മക്കളെയും കൊണ്ട് അന്യ വീടുകളില്‍ പോയി അന്തിയുറങ്ങേണ്ട ഗതികേടിലാണ് മിനി. എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞ് വോട്ട് നേടി വിജയിച്ച കൗണ്‍സിലര്‍ ആശാ ശങ്കറിനോട് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ തൊട്ടടുത്തുള്ള സ്‌കൂളില്‍ പോയി കിടക്കാനാണ് പറഞ്ഞതെന്ന് മിനി പറഞ്ഞു. സ്വന്തം വീട് ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയുംകൊണ്ട് സ്‌കൂളിലും മറ്റും പോയി കിടക്കുക എന്നതിന്റെ വിഷമം കൗണ്‍സിലര്‍ക്ക് മനസ്സിലാവില്ല എന്നും മിനി കൂട്ടിച്ചേര്‍ത്തു. വീടിനകത്തുള്ള ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ അരിയും പഞ്ചസാരയും വരെ തൊട്ടടുത്ത വീടുകളിലാണ് ഇവര്‍ സൂക്ഷിച്ചിരിക്കുന്നത്. മക്കളെ കൂടാതെ പ്രായമായി കിടപ്പിലായ മിനിയുടെ അമ്മയും ഈ വീടിനകത്ത് തന്നെയാണ് താമസിക്കുന്നത്. ഒന്നര വയസ്സും, ഒമ്പതു വയസ്സും പ്രായമുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് അന്തിയുറങ്ങാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് മിനിയുടെ അയ ല്‍വാസി ദീപക്കുള്ളത്. ദീപയുടെ വീടിന്റെ അവസ്ഥയും സമാനമാണ്. കടല്‍ഭിത്തി നിര്‍മ്മിച്ചു നല്‍കിയില്ലെങ്കിലും കടല്‍വെള്ളം കയറാതിരിക്കാന്‍ കുറച്ചു കല്ലുകളെങ്കിലും ഇട്ടു തന്നാല്‍ മതിയെന്നതാണ് ഈ രണ്ടു നിര്‍ദ്ധന കുടുംബങ്ങളുടെയും ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.















