തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല തട്ടില്‍ എസ്റ്റേറ്റ് അഴിമതി കേസില്‍ ത്വരിതാന്വേഷണം നടത്തി അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനിരിക്കെ വീണ്ടും ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം.
റഗുലര്‍ ടാപ്പിങ്ങിനായി ടെണ്ടര്‍ ചെയ്ത ആയിരക്കണക്കിന് റബ്ബര്‍ മരങ്ങള്‍ സര്‍വകലാശാല അധികൃതരുടെ ഒത്താശയോടെ ചട്ടം ലംഘിച്ച് കടുംവെട്ട് നടത്തി. തൃശൂര്‍ സ്വദേശി അമ്പലശ്ശേരി വിജയനാണ് കരാറുകാരന്. ഇതുമൂലം കാര്‍ഷിക സര്‍വ്വകലാശാലക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
തോട്ടം ആറുഭാഗങ്ങളായി വേര്‍തിരിച്ചാണ് രണ്ടുവര്‍ഷത്തേക്ക് ടെണ്ടര്‍ നടത്തിയതെങ്കിലും പിന്നീട് മുന്‍ എസ്റ്റേറ്റ് മേധാവിയും ഇപ്പോഴത്തെ രജിസ്ട്രാറുമായുള്ള കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ കരാര്‍ ചട്ടങ്ങള്‍ ലംഘിച്ച് എല്ലാഭാഗങ്ങളും ഒരു കരാറുകാരനിലേക്ക് ഒതുക്കുകയായിരുന്നു. രേഖകളില്‍ മറ്റു കരാറുകാരുടെ മേല്‍വിലാസം നിലനിര്‍ത്തി സിപിഐ സ്വാധീനമുള്ള രജിസ്ട്രാറുടെ ഇഷ്ടക്കാരന് സര്‍വകലാശാല എസ്റ്റേറ്റ് തീറെഴുതി കൊടുക്കുകയായിരുന്നു. ഒരു അഭിഭാഷകന് കൂടിയായ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ കരാറുകാരന് കൃഷിമന്ത്രിയുടേയും സ്ഥലം എംഎല്‍എയുടേയും അടുത്ത സുഹൃത്താണെന്നും പറയപ്പെടുന്നു.
കരാറുകാരനുമായി സര്‍വകലാശാല ഏര്‍പ്പെട്ടിട്ടുള്ള കരാര്‍പ്രകാരം കരാര്‍ ജോലി തീര്‍ന്നതിനുശേഷം സര്‍വകലാശാലക്ക് കരാറുകാരന് വഴി നഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന തോട്ടം സൂപ്രണ്ടിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിരതദ്രവ്യം മടക്കികൊടുക്കാനാവൂ. ഇതിനായി പ്രത്യേകം രൂപംകൊടുത്ത വൈസ് ചാന്‍സലര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെയും ശുപാര്‍ശ ആവശ്യമുണ്ട്. ഈ തുക അംഗീകരിച്ച് അനുവദിച്ചുകൊടുക്കേണ്ടത് സര്‍വ്വകലാശാല കണ്ട്രോളര് ആണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ലക്ഷങ്ങളുടെ നിരതദ്രവ്യതുക കരാറുകാരന് കൊടുക്കാന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടിരിക്കുകയാണ്. സര്‍വ്വകലാശാലക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അത് കണക്കാക്കി മാത്രമേ കരാറുകാരന് നിരതദ്രവ്യം മടക്കികൊടുക്കാനാവൂ എന്ന നിലപാടിലാണ് ഇപ്പോഴത്തെ എസ്റ്റേറ്റ് മേധാവി. തന്റെ നിലപാട് ഇപ്പോഴത്തെ എസ്റ്റേറ്റ് മേധാവി രേഖാമൂലം രജിസ്ട്രാര്‍ക്ക് എഴുതിക്കൊടുത്തതായും അറിയുന്നു.
റബ്ബര്‍ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ എസ്റ്റേറ്റ് ലാഭകരമായി നടത്താന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു സര്‍വ്വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. റബ്ബര്‍ എസ്റ്റേറ്റ് പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് സര്‍വ്വകലാശാല സയന്റിഫിക് ആഫീസറുടെ പഠന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് സര്‍വ്വകലാശാല അധികൃതര്‍ റബ്ബര്‍തോട്ടം കരാറുകാര്‍ക്ക് വെട്ടിവെളിപ്പിക്കാന്‍ നല്‍കിയത്.
കാര്‍ഷികസര്‍വ്വകലാശാല 1971ല്‍ ഏറ്റെടുത്ത തട്ടില്‍ എസ്റ്റേറ്റിലെ ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും ത്വരിതാന്വേഷണം നടത്തിയ തൃശൂര്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡോ. കെ.അരവിന്ദാക്ഷനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. പരാതി സമര്‍പ്പിച്ചത് പൊതുപ്രവര്ത്തകന് ടി.ചന്ദ്രശേഖരനാണ്. സര്‍വകലാശാലയുടെ മുന്‍ രജിസ്ട്രാര്‍ ഒ.കെ.പോള്‍ ഈ കേസില്‍ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ കുറ്റക്കാരായ കാര്‍ഷിക സര്‍വ്വകലാശാല അധികൃതരില്‍ നിന്നും ഒരുകോടി മുപ്പത്തേഴു ലക്ഷം തിരിച്ചുപിടിക്കാന്‍ വിജിലന്‍സ് അന്വേഷണവിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ ഒന്നാംപ്രതി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രനും രണ്ടാംപ്രതി മുന്‍ എസ്റ്റേറ്റ് മേധാവിയും ഇപ്പോഴത്തെ രജിസ്ട്രാറുമായ ഡോ. കെ.അരവിന്ദാക്ഷനും മൂന്നാം പ്രതി സര്‍വ്വീസില്‍ നിന്ന് മുഴുവന്‍ ആനുകൂല്യവും കൈക്കലാക്കി വിരമിച്ച സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ഇ.കെ.മാത്യുവുമാണ്. ഈ മാസം 20ന് വിജിലന്‍സ് കോടതി വിധി പറയാനിരിക്കെയാണ് സര്‍വ്വകലാശാല രജിസ്ട്രാറുടെ ഇപ്പോഴത്തെ വഴിവിട്ട നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: