നാരദൻ പറഞ്ഞു: ‘ഇതിനു മുന്പ് താരകാസുരനും വ്രത്രാസുരനും മറ്റും ചെയ്തിട്ടുള്ള യുദ്ധങ്ങൾ ഈ സംഗരത്തിനു സമാനമാവുകയില്ല. എന്നാൽ മധുകൈടഭന്മാരും ശ്രീഹരിയും തമ്മിൽ ഉണ്ടായ യുദ്ധം ഇതിനൊക്കും. നാരായണനോട് തുല്യം നിന്ന് പടവെട്ടാൻ ആരാണീ യുദ്ധവീരനായ ദൈത്യൻ?’
പ്രഹ്ലാദനും മുനി വീരന്മാരുമായി രാവും പകലും യുദ്ധം തുടർന്നു. പ്രഹ്ലാദന്റെ വില്ല് ശ്രീഹരി ക്ഷണത്തിൽ മുറിച്ചിട്ടപ്പോൾ അദ്ദേഹം മറ്റൊരു വില്ലെടുത്തു. നാരായണൻ മറ്റൊരമ്പെയ്തു. അതും പ്രഹ്ലാദൻ മുറിച്ചു. വീണ്ടും പുതിയ വില്ലുമായി പ്രഹ്ലാദൻ പോര് തുടർന്നു. എല്ലാ വില്ലുകളും മുറിഞ്ഞു തീർന്നപ്പോൾ പ്രഹ്ലാദൻ ഇരുമ്പുലക്ക എടുത്ത് ഭഗവാന് നേരെ എറിഞ്ഞു. നാരായണൻ തന്റെ നേർക്ക് വരുന്ന ഉലക്കയെ ഒൻപതമ്പുകൾ കൊണ്ട് തടുത്തിട്ട് അസുരന്റെ നേരെ മറ്റൊരു പത്ത് അമ്പുകൾ കൂടി തൊടുത്തു വിട്ടു.
എന്നാൽ പ്രഹ്ലാദൻ ഇരുമ്പുഗദയാൽ ഭഗവാന്റെ കാൽമുട്ട് നോക്കി അടിച്ചു. അതിലും നാരായണൻ കുലുങ്ങിയില്ല. ഗദ ഛിന്നഭിന്നമായതേയുള്ളൂ. പിന്നെയും ഭഗവാൻ ശരമാരി വർഷിച്ചു. അപ്പോൾ പ്രഹ്ലാദൻ വേലെടുത്തു ഭഗവാന് നേരെ ചാട്ടി. ഒരൊറ്റ ബാണം കൊണ്ട് ഭഗവാൻ അതിനെ ഏഴായി പിളർത്തി.
ഇങ്ങിനെ ഏറെക്കാലം യുദ്ധം തുടർന്നു. ആർക്കും ജയമില്ല, അങ്ങിനെയാ യുദ്ധം നീണ്ടു പോകെ മഞ്ഞപ്പട്ടുടുത്ത ഭഗവാൻ നാല് തൃക്കൈകളോടെ പ്രഹ്ലാദനെ ആശ്രമത്തിൽ ചെന്ന് കണ്ടു. ഭഗവാനെക്കണ്ട് ആ അസുരരാജാവ് ഭക്തി പൂർവ്വം കൈകൂപ്പി. ‘ദേവ ദേവ, ജഗന്നാഥ, ഭക്തവത്സലാ, എനിക്കെന്തുകൊണ്ടാണ് ഈ മുനി വീരൻമാരെ യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയാതിരുന്നത്? ഒരു നൂറു ദിവ്യ വർഷം ഞാൻ യുദ്ധം ചെയ്തിരിക്കുന്നു.’
‘എന്റെ അംശഭൂതന്മാരാണ് ഈ ഋഷിമാർ. നരനാരായണൻമാരായ ഇവരെ തോൽപ്പിക്കാൻ ആകാഞ്ഞതിൽ എന്താണത്ഭുതം? നീയിനി വിതലത്തിൽപ്പോയി ഭക്തിയോടെ വാണാലും. ഈ മുനിമാരോട് ഇനി വൈരമൊന്നും വേണ്ട.
ഇത് കേട്ട പ്രഹ്ലാദൻ മറ്റ് ദൈത്യരോടൊപ്പം വിതലത്തിലേയ്‌ക്ക് പോയി. നരനാരായണൻമാർ വീണ്ടും തപസ്സിൽ മുഴുകി.
(തുടരും)
















