ചെന്നൈ: തലൈവർ രജനികാന്തിന്റെ പുതിയ ചലച്ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. കബാലിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച 225 വെബ്‌സൈറ്റുകളോട് കബാലിയുടെ ചിത്രങ്ങള്‍ അടങ്ങിയ പേജുകള്‍ പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടു.
ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 169 ഇന്റര്‍നെറ്റ് സേവനദാതാക്കളേയും കോടതി വിലക്കി.
കബാലിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഹൈക്കോടതി നിർദ്ദേശം നലികിയിട്ടുണ്ട്.
നേരത്തെ സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് കലൈപുലി എസ്. താണു ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമ ഡൗൺലോഡ് ചെയ്യുന്ന മുറക്ക് അനേകം അനധികൃത കോപ്പികൾ നിർമ്മിക്കാൻ സാധ്യതയുണ്ടെന്നും ഇത് സിനിമയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും അദ്ദേഹം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേ സമയം തലൈവരുടെ ആരാധകർ ഏറെ ആഘോഷത്തിലാണ്. രണ്ട് വർഷത്തെ ഇടവേളക്കു ശേഷം സ്ക്രീനിൽ എത്തുന്ന സൂപ്പർ സ്റ്റാറിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണാനാണ് പലരും തിരക്കു കൂട്ടുന്നത്. ഭാരത സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രചാരണ പരിപാടികളാണ് ചിത്രത്തിനായി ഒരുങ്ങിയത്.
എയർ ഏഷ്യ മുതൽ എയർടെൽ വരെ തലൈവരുടെ ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. ചിത്രത്തിന്റെ വിതരണവകാശം ചൂടപ്പം പോലെയാണ് വിറ്റ് പോയത്. കേരളത്തിൽ മലയാളത്തിന്റെ മഹാ നടൻ മോഹൻ ലാലാണ് വിതരണവകാശം വൻ തുകയ്‌ക്ക് സ്വന്തമാക്കിയത്. എന്തായാലും കേരളത്തിലും പടം സൂപ്പർ ഹിറ്റാകുമെന്നതിൽ യാതൊരു സംശയുവുമില്ല. ജൂലൈ 22നാണ് കബാലി റിലീസാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: