കാസര്‍കോട്: കാസര്‍കോട് ജില്ലയും ഡിഫ്ത്തീരിയ ഭീതിയിലേക്ക്. അസുഖം മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആസാം സ്വദേശിയായ യുവാവ് മരണത്തിനു കാരണം ഡിഫ്തീരിയ ആണെന്ന സംശയമുയര്‍ന്നതോടെ ജില്ലയിലെ ആരോഗ്യവിഭാഗം ജാഗ്രതാ നിര്‍ദേശം നല്കി. കുഞ്ചത്തൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശി അസീസുല്‍ ഇസാ(20)മാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച അസീസുലിന് കടുത്ത തൊണ്ട വേദന അനുഭവപ്പെട്ടിരുന്നു. വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിനടുത്തുള്ള തൊക്കോട്ടെ ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത്. ഡിഫ്തീരിയ അസുഖമാണെന്ന സംശയത്തെ തുടര്‍ന്ന് അസീസുലിനെ പിന്നീട് ദേര്‍ലക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഡിഫ്തീരിയയാണോ യുവാവിന്റെ മരണത്തിന് കാരണമെന്നു കണ്ടെത്താന്‍ രക്തസാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ രോഗ വിവരം സ്ഥിരീകരിക്കാനാവൂവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ശ്വാസനാളം വഴി മൂക്കിലും തൊണ്ടയിലുമെത്തുകയും തുടര്‍ന്ന് അണുബാധയുണ്ടായി ശരീരം മുഴുവന്‍ വ്യാപിക്കുന്നതുമാണ് ഡിഫ്തീരിയ രോഗം. ശ്വാസമെടുക്കുമ്പോഴുള്ള വേദന, ചുമ, ശരീരവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍.
അന്യസംസ്ഥാനതൊഴിലാളികള്‍ മുഖേനയാണ് ഈ രോഗം അതിവേഗം പടരുന്നത്. കേരളത്തിലെ മറ്റു ജില്ലകളിലെന്നതുപോലെ കാസര്‍കോട് ജില്ലയിലും അന്യസംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞതിനാല്‍ ഡിഫ്തീരിയ പടരുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. അതിനിടെ കാസര്‍കോട്ടും പരിസരങ്ങളിലും ഡെങ്കിപ്പനിയും മലമ്പനിയും വ്യാപകമാണ്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്.
അതേസമയം മരണപ്പെട്ട അസാം സ്വദേശി ജോലിചെയ്തിരുന്ന മഞ്ചേശ്വരത്തെ സ്വകാര്യ ഫ്ളൈവുഡ് ഫാക്ടറിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്പ് നടത്തി. ഫാക്ടറിയിലെ തൊണ്ണൂറോളം തൊഴിലാളികള്‍ക്കാണ് കുത്തിവെയ്പ് നടത്തിയത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന മഞ്ചേശ്വരത്തെ മറ്റു രണ്ടു സ്വകാര്യ ഫാക്ടറികളില്‍ കൂടി ഇന്നും നാളെയും മഞ്ചേശ്വരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്പ് നടത്തും. കുത്തിവെയ്പിന് മഞ്ചേശ്വരം പി എച്ച് സി യിലെ ഡോ. ഷൈന നേതൃത്വം നല്കി. എന്നാല്‍ പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ചത് ഡിഫ്തീരിയ രോഗബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: