ഷൊര്‍ണൂര്‍: ചരിത്രത്തിന്റെ അശേഷിപ്പായ ഭാരതപ്പുഴയിലെ ഷൊര്‍ണൂര്‍–കൊച്ചിപ്പാലം ഓര്മ്മയീലേക്ക്. 2011ല്‍ ഭാഗികമായി നിലംപൊത്തിയ ഷൊര്‍ണൂര്‍-ചെറുതുരുത്തി പാലത്തിന്റെ അവശേഷിപ്പുകള്‍ പുഴയില്‍ നിന്ന് നീക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. സ്വാമി വിവേകാനന്ദന്റെ കേരള പര്യടനം ഉള്‍പ്പെടെ ചരിത്ര പ്രസിദ്ധമായ പലയാത്രകളും പാലത്തിലൂടെയായിരുന്നു.
തിരുക്കൊച്ചിയേയും മലബാറിനേയും ബന്ധിപ്പിച്ചിരുന്ന ചരിത്ര പാലം കൊച്ചി മഹാരാജാവ് രാമവര്‍മ്മ ബ്രിട്ടിഷ് സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിച്ചതാണെന്നാണു ചരിത്രം. ഐക്യ കേരളപ്പിറവിക്ക് മുന്‍പു ഷൊര്‍ണൂര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് പാലത്തിന് ഇരുവശവും രണ്ട് രാജ്യങ്ങളായിരുന്നു. അതിര്‍ത്തികളില്‍ ചുങ്കപ്പിരിവ് ശാലകളും അതിര്‍ത്തി കാവല്ക്കാരുമുണ്ടായിരുന്നു.കൊച്ചിയിലേക്ക് റെയില്പ്പാതയൊരുക്കുന്നതിന് മുന്നോടിയായാണ് പാലം നിര്‍മിച്ചത്. കരിങ്കല്ല് കൊണ്ട് കെട്ടിപ്പടുത്ത തൂണുകളും ഉരുക്ക് കൊണ്ടുള്ള പാളികളുമാണ് പാലത്തിന്റെ പ്രത്യേകത. ഷൊര്‍ണൂര്‍ മുതല്‍ ചെറുതുരുത്തി വരെ 300 മീറ്റര്‍ നീളമുള്ള പാലം 15 സ്പാനുകളോടെയാണ് നിര്‍മിച്ചത്.
പഴയ പാലത്തിന്റെ സ്ഥാനത്ത് ആദ്യ കാലത്ത് മറ്റൊരു പാലമുണ്ടായിരുന്നു. ഭാരതപ്പുഴയുടെ തീരങ്ങളില്‍ പ്രളയമുണ്ടായപ്പോള്‍ ഈ പാലം ഒഴുകിപ്പോയി. പിന്നീട് 1902 ലാണ് കൊച്ചി രാജാവ് പാലം പുനര്‍നിര്‍മിക്കുന്നത്. പാലത്തിന് ബലക്ഷയം നേരിട്ടതിനെ തുടര്‍ന്ന് 2004ല്‍ പുതിയ പാലം നിര്‍മിച്ചിരുന്നു. പുഴയില്‍ കുത്തൊഴുക്കുണ്ടാകുമ്പോള്‍ തകര്‍ന്ന പാലത്തിന്റെ ഭാഗങ്ങള്പുഴയിലേക്ക് കൂടുതല്‍ ചെരിഞ്ഞ് വരുന്ന അവസ്ഥയുണ്ടായിരുന്നു. നടുഭാഗത്തെ സ്പാന്‍ നിലം പൊത്തിയ നിലയിലാണിപ്പോള്‍. പൊതുമരാമത്ത് വിഭാഗം സര്‍വേ പൂര്‍ത്തിയാക്കിയതിനാല്‍ പൊളിച്ചു നീക്കാനുള്ള ടെണ്ടര്‍ നടപടി ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: