കൊട്ടാരക്കര: രണ്ടാഴ്ചയ്‌ക്കുള്ളില്‍ സിവില്‍സ്‌റ്റേഷന്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ കരാറുകാരന് പൊതുമരാമത്ത് വിഭാഗം നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ കരാറുകാരനെ നീക്കം ചെയ്യാനും റീടെണ്ടര്‍ വിളിക്കാനും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പൊതുമരാമത്ത് വിഭാഗം അഡീ.സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍, എക്‌സി.എന്‍ജിനീയര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും അയിഷാപോറ്റി എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാരിനെതിരെ കോടതിയില്‍ പോയ കരാറുകാരനെ നീക്കം ചെയ്യാതെ വീണ്ടും നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ മന്ത്രി പ്രതിഷേധം അറിയിച്ചു. രണ്ടു വര്‍ഷമായി സിവില്‍സ്‌റ്റേഷന്‍ നിര്‍മ്മാണം മുടങ്ങിക്കിടക്കുകയാണ്.
കരാര്‍തുക പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചത്. ഇതാണ് പണി തടസപ്പെടാന്‍ കാരണം. വ്യവസ്ഥകള്‍ ലംഘിച്ചു എന്നാരോപിച്ച് കരാറുകാരനെ നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വിഭാഗം നോട്ടീസ് നല്‍കിയെങ്കിലും കോടതി സ്‌റ്റേ ചെയ്തതിനാല്‍ കഴിഞ്ഞില്ല. ജൂണ്‍ 26ന് സ്‌റ്റേ കാലാവധി അവസാനിച്ചതോടെ പതിനഞ്ചു ദിവസത്തിനകം നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ വീണ്ടും നോട്ടീസ് നല്‍കിയതിനെയാണ് മന്ത്രി വിമര്‍ശിച്ചത്. 2011 ഡിസംബറില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനാണ് സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നടത്തിയത്. ഏഴ് കോടി രൂപകണക്കാക്കി ആരംഭിച്ച പദ്ധതിയുടെ അടങ്കല്‍ പിന്നീട് 9.65 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു.
നിര്‍മ്മാണം തുടങ്ങുന്നതിലുണ്ടായ കാലതാമസം മൂലം അടങ്കല്‍തുക അധികരിക്കുകയും ആദ്യം രൂപകല്‍പന ചെയ്തതില്‍ നിന്നും ഒരു നില ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ ബഡ്ജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആറ്‌കോടി രൂപ അനുവദിച്ചതോടെയാണ് വീണ്ടും നിര്‍മ്മാണം ആരംഭിക്കുന്നത്.
















